റിയാദ്: അസുഖത്തെ തുടർന്ന് ജോലിയിൽ തുടരാൻ കഴിയാതിരുന്ന കൊച്ചി സ്വദേശിനി ബിജി കേളി കുടുംബവേദിയുടെ ഇടപെടലിൽ നാടണഞ്ഞു. ഏഴുമാസം മുമ്പാണ് നഴ്സിങ് ജോലിക്കായി മാൻപവർ കമ്പനിയുടെ വിസയിൽ ദമ്മാമിൽ എത്തിയത്. ആദ്യ മൂന്ന് മാസം ദമ്മാമിൽ ജോലി ചെയ്യുകയും തുടർന്ന് അൽഖർജ് യൂനിറ്റിലേക്ക് മാറുകയുമായിരുന്നു.
ഒരു മാസത്തെ ജോലിക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥ വന്നു. തുടർച്ചയായി അവധി എടുക്കുന്നതിനാൽ കമ്പനി മെഡിക്കൽ ആനുകൂല്യങ്ങളോ ശമ്പളമോ നൽകിയില്ല. ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലായതിനെ തുടർന്നാണ് സുഹൃത്തുക്കൾ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെട്ടത്.
കുടുംബവേദി എംബസിയിൽ വിവരങ്ങൾ ധരിപ്പിച്ച ശേഷം കമ്പനിയുമായി സംസാരിച്ചു. രണ്ടു വർഷത്തെ തൊഴിൽ കരാർ പൂർത്തിയാക്കാത്തതിനാൽ കമ്പനിക്ക് ചെലവായ പണം നൽകണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കുടുംബവേദി പ്രവർത്തകർ ചികിത്സ സൗകര്യങ്ങളും ഭക്ഷണത്തിന് ഏർപ്പാടും ഉണ്ടാക്കി. കമ്പനിയുമായി നിരന്തരം സംസാരിക്കുകയും നാട്ടിലെ അവസ്ഥയും അസുഖത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് നൽകാമെന്നും ടിക്കറ്റും മറ്റ് ചെലവുകളും സ്വയം വഹിക്കണമെന്നും അറിയിച്ചു. കമ്പനിയിൽനിന്ന് എക്സിറ്റ് അടിച്ചു വാങ്ങുകയും ടിക്കറ്റ് കുടുംബവേദി നൽകുകയും ചെയ്തു. ഇവർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.