റിയാദ്: റിയാദിലെ മലയാളികളുടെ ഫുട്ബാൾ മികവ് മെച്ചപ്പെടുത്തുന്നതിനും അവസരങ്ങൾ നൽകി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമായി കേളി കലാ സാംസ്കാരിക വേദി ‘റെഡ് സ്റ്റാർ’ എന്ന പേരിൽ ക്ലബ് രൂപവത്കരിച്ചു. റിയാദ് അൽ വലീദ് ഓഡിറ്റോറിയത്തിൽ ചേർന്ന രൂപവത്കരണ യോഗത്തിൽ കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൊഴിലുമായി ബന്ധപ്പെട്ട് പ്രവാസം സ്വീകരിക്കേണ്ടിവന്ന തൊഴിലാളികളുടെ ഫുട്ബാളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ പിരിമുറുക്കത്തിൽനിന്ന് ആശ്വാസം നൽകി മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതിനോടൊപ്പം, വളർന്നുവരുന്ന കുരുന്നു ഫുട്ബാൾ പ്രതിഭകൾക്ക് കൃത്യമായ പരിശീലനം നൽകി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതും ലക്ഷ്യംവെക്കുന്നതായി ഉദ്ഘാടനം ചെയ്ത് കെ.പി.എം. സാദിഖ് സൂചിപ്പിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ഷറഫ് പന്നിക്കോട് (ടീം മാനേജർ), ജ്യോതിഷ് കുമാർ (അസിസ്റ്റൻറ് മാനേജർ), ഹസ്സൻ തിരൂർ (കോച്ച്), സുഭാഷ് (പ്രസി), ഷമീർ പറമ്പാടി (വൈസ് പ്രസി), റിയാസ് പള്ളത്ത് (സെക്ര), ഇസ്മാഈൽ കൊടിഞ്ഞി (ജോ. സെക്ര), കാഹിം ചേളാരി (ട്രഷ), സതീഷ് കുമാർ (ജോ. ട്രഷ), മൻസൂർ, അനീസ്, വാഹിദ്, രാജേഷ് ചാലിയാർ, പ്രിൻസ്, വിജയൻ, ഹാരിസ്, അൻസാരി, ഇസ്മാഈൽ, സൗരവ്, സുധീഷ് (അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.
രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സംസാരിച്ചു. കേളി ജോയൻറ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ക്ലബ് പ്രസിഡൻറ് സുഭാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.