ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടിക്ക് അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ഉപദേശക സമിതി അംഗം സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ടുകൾ മാത്രമല്ല മാപ്പിള കലകളായ ഒപ്പന, കോൽക്കളി, അറബനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയവയുടെയെല്ലാം തനിമ നിലനിർത്താനും പുതുതലമുറയിലും അതിന്റെ ജനകീയത നിലനിർത്താനുമാണ് കേരള മാപ്പിള കലാ അക്കാദമി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എ.കെ. മുസ്തഫ പറഞ്ഞു. മാപ്പിള കലകൾക്കൊപ്പം മറ്റു കലകളെയും ഉൾക്കൊള്ളുന്നതാണ് മാപ്പിള കലാ അക്കാദമി.
പുതിയ കലാകാരന്മാരെ കൈപിടിച്ചുയർത്തുകയും പഴയ കലാകാരന്മാരെ ആദരിക്കുകയും അതോടൊപ്പം അവശ കലാകാരൻമാർക്ക് ചെറിയ സഹായങ്ങൾ നൽകുകയും ചെയ്യുന്നു. കേരള മാപ്പിള കലാ അക്കാദമിക്ക് കേരളത്തിലെ 14 ജില്ലകളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും സജീവമായ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ് കൈമാറി. നാസർ വെളിയങ്കോട്, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ അബ്ദുള്ള മുക്കണ്ണി, നിസാർ മടവൂർ, റഹ്മത്തലി തുറക്കൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും റഊഫ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.