മരിച്ച ജയപ്രകാശ്​

പനി ബാധിച്ച്​ അവശനിലയിൽ റിയാദിൽനിന്ന്​ നാട്ടിലെത്തിച്ച മലയാളി മരിച്ചു

റിയാദ്​: പനി ബാധിച്ച്​ അവശനിലയിൽ റിയാദിൽ കഴിയുന്നതിനിടെ സാമൂഹികപ്രവർത്തകർ ഇടപെട്ട്​​ നാട്ടിലെത്തിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. റിയാദ്​ ഗവർണർ ഓഫീസിലെ മെയിൻറനൻസ്​ ഡിവിഷനിൽ പമ്പ്​ ഓപറേറ്ററായി ജോലി ചെയ്​തിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ മണപ്പള്ളി തെക്ക്​ സ്വദേശി ജയപ്രകാശ്​ (60) ആണ്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ തിങ്കളാഴ്​ച പുലർച്ചെ മരിച്ചത്​.

അൽനെസ്​മ കരാർ കമ്പനിയുടെ കീഴിൽ കഴിഞ്ഞ 20 വർഷമായി ഗവർണർ ഓഫീസിലെ മെയിൻറനൻസ്​ ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം മുമ്പ്​ പനി ബാധിക്കുകയായിരുന്നു. തുടർന്ന്​ റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. എന്നാൽ അസുഖം എന്താണെന്ന്​ കണ്ടുപിടിക്കപ്പെട്ടില്ല. തീർത്തും അവശനായപ്പോൾ സഹപ്രവർത്തകർ ആംബുലൻസിൽ റിയാദ്​ ​ശുമൈസി ആശുപത്രിയിൽ എത്തിച്ചു. അവിടെ കിടത്തി ചികിത്സ നൽകിയശേഷം ഒരുവിധം ഭേദമായപ്പോൾ താമസസ്ഥലത്തേക്ക്​ തിരിച്ചെത്തിച്ചു. എന്നാൽ പിന്നീടും ആരോഗ്യസ്ഥിതി വഷളാവുകയും നടക്കാനോ ഇരിക്കാനോ കഴിയാതെ അവശനിലയിലാവുകയും ചെയ്​തു.

നാട്ടിലേക്ക്​ പോകുംനേരത്ത്​ സാമൂഹികപ്രവർത്തകരോടൊപ്പം റിയാദ്​ വിമാനത്താവളത്തിൽ

ഇതറിഞ്ഞ്​ നാട്ടിൽനിന്ന്​ ജയപ്രകാശി​െൻറ മകൾ ജ്യോതിയും നാട്ടുകാരും സാമൂഹികപ്രവർത്തകരുമായ ഇസ്​മാഈൽ വാലേത്ത്​, മുരളി മണപ്പള്ളി എന്നിവരും വിളിച്ച്​ സഹായം തേടിയതിനെ തുടർന്ന്​ റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒക്​ടോബർ 21-ന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ വീൽച്ചെയർ പേഷ്യൻറായി നാട്ടിലേക്ക്​ കൊണ്ടുപോയി. കൂടെ പോകാൻ ആരുമില്ലാത്തതിനാൽ ശിഹാബ്​ കൊട്ടുകാട്​ തന്നെ ഒപ്പം പോയി. വിമാനത്തിനുള്ളിൽ വെച്ച്​ അസുഖം മൂർച്​ഛിക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്​തു. വിമാന ജീവനക്കാർ ഉടൻ ഓക്​സിജൻ ഉൾപ്പെടെയുള്ള അടിയന്തിര ശുശ്രൂഷ നൽകി. നിലത്ത്​ പ്രത്യേക കിടക്ക ഒരുക്കി കിടത്തി പരിചരണം നൽകുകയും ചെയ്​തു. സമാനതകളില്ലാത്ത പരിചരണവും ശ്രദ്ധയുമാണ്​ വിമാന ജീവനക്കാരിൽനിന്നുണ്ടായതെന്ന്​ ശിഹാബ്​ കൊട്ടുകാട്​ പറഞ്ഞു. യാത്രക്കാരും പരിചരണവും ആശ്വാസവും നൽകാൻ ഒരുമിച്ചുകൂടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ നാട്ടുകാരനായ അമിതാഭ്​ പിള്ള ആംബുലൻസുമായെത്തി ​കൊച്ചയിലെ അമൃത ആശുപത്രിയിലും പിന്നീട്​ ആസ്​റ്റർ ആശുപത്രിയിലും എത്തിച്ചു. അവിടങ്ങളിലെ പരിശോധനയിലും രോഗം എന്താണെന്ന്​ കണ്ടെത്താനായില്ല. രക്തത്തിൽ അണുബാധയുണ്ടായതാണ്​ രോഗകാരണമെന്നാണ്​ നിഗമനത്തിലെത്തിയത്​. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ്​ തിങ്കളാഴ്​ച പുലർച്ചെ അന്ത്യം സംഭവിക്കുന്നത്​.

ജയകുമാരിയാണ് മരിച്ച ജയപ്രകാശി​െൻറ​ ഭാര്യ. മക്കളായ ജ്യോതിയും ചിത്തിരയും വിവാഹിതരാണ്​. റിയാദിൽ ജയപ്രകാശിനെ ആശുപത്രിയിൽ കൊണ്ടുപോകാനും പരിചരിക്കാനും ഒപ്പമുണ്ടായിരുന്നത്​ സഹപ്രവർത്തകരായ യു.പി സ്വദേശി അലിയും തമിഴ്​നാട്​ സ്വദേശി ശിവയുമാണ്​.

Tags:    
News Summary - Keralite died in saudi arabia due to fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.