കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, നടൻ സിദ്ധീഖ് എന്നിവർക്ക് സിഫ് ജിദ്ദ ഒരുക്കിയ സ്വീകരണ പരിപാടിയിൽ നിന്ന്.

കേരളത്തെ ഫുട്ബാൾ സൗഹൃദ സംസ്ഥാനമാക്കി മാറ്റും - കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ

ജിദ്ദ: കേരളത്തെ ഫുട്ബാൾ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണെന്നും ഇതിന് മുഴുവൻ ജനങ്ങളുടെയും സഹകരണം അത്യാവശ്യമെന്നും കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. ജിദ്ദ ഹാബിറ്റാറ്റ് ഹോട്ടലിൽ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒരു കാലത്ത് ഫുട്ബാൾ പ്രേമികൾ നെഞ്ചോട് ചേർത്തിരുന്ന ചാക്കോളാസ് ഗോൾഡ് കപ്പ്, നാഗ്ജി തുടങ്ങി നിലവിൽ മുടങ്ങിക്കിടക്കുന്ന അഞ്ച് ടൂർണമെന്റുകൾ പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഫുട്ബാൾ കളിക്കാർക്ക് വേണ്ട പ്രോത്സാഹനം നൽകാനും അവരുടെ ശാരീരിക ക്ഷമത ഉയർത്താനുമുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കേരളത്തിൽ ഇലവൻസ് കളി സംഘടിപ്പിക്കാനുള്ള സ്റ്റഡിയങ്ങളുടെ കുറവുണ്ട്. പരിമിതമായ സ്റ്റേഡിയങ്ങൾ തന്നെ വിവിധ സമ്മേളനങ്ങളും മറ്റും നടത്തി കേടുപാടുകൾ വരുത്തുകയാണ്.

ഫുട്ബാൾ ടൂർണമെന്റ് മാത്രം നടത്താനുള്ള സ്റ്റേഡിയങ്ങൾ ഉണ്ടാവണം. കളിക്കാർക്ക് മികച്ച പരിശീലനങ്ങൾ നടക്കണം. ആൻന്ത്രേ ഇനിസ്റ്റ സ്‌കൗട്ടിംഗ് ഗ്രൂപ്പുമായി സഹകരിച്ച് മികച്ച പരിശീലനത്തിലൂടെ 1,400 കുട്ടികളെ വാർത്തെടുത്ത് എലൈറ്റ് അക്കാദമികളിലേക്ക് വിടും. ഇവരിൽ നിന്നും മികച്ച 200 കുട്ടികളെ തിരഞ്ഞെടുത്ത് കെ.പി.എൽ, ഐ ലീഗ്, ഐ.എസ്.എൽ പോലുള്ള ടൂർണമെന്റുകളിലേക്ക് വിടുകയും ഒരു കോടി രൂപക്കു മുകളിൽ വരുമാനമുള്ള 200 കളിക്കാരെയെങ്കിലും ഇതിലൂടെ ഒരുക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി കേരള ഫുട്ബാൾ അസോസിയേഷൻ മുന്നോട്ട് പോവുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ വിവിധ ഫെഡറേഷനുകളിൽ 1,40,000 രജിസ്റ്റേർഡ് കാളിക്കാരുണ്ട്. ഇവരിൽ 44,000 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എന്നാൽ ഐ.എസ്.എൽ പോലുള്ള ടൂർണമെന്റുകളിൽ കളിക്കുന്ന 350 പേരിൽ 45 പേർ മാത്രമാണ് മലയാളികൾ. ഇവരിൽ കേവലം അഞ്ചു പേർ മാത്രമാണ് മുഴുവൻ സമയ കളിക്കാരായിട്ടുള്ളത്. ബാക്കി 40 പേരും റിസർവ് കളിക്കാർ മാത്രമാണ്. ഇത് മാറ്റി എടുക്കേണ്ടതുണ്ടെന്നും കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

സിനിമ നടൻ സിദ്ധീഖും പരിപാടിയിൽ പങ്കെടുത്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി രക്ഷാധികാരിയും തിരൂരങ്ങാടി മുനിസിപ്പിൽ ചെയർമാനുമായ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അരിമ്പ്ര അബൂബക്കർ, കെ.ടി.എ മുനീർ, മുസാഫിർ, കിസ്മത്ത് മമ്പാട്, ഹിഫ്സുറഹ്മാന്‍, സാദിഖ് പാണ്ടിക്കാട്, സാദിഖലി തുവ്വൂർ, അയ്യൂബ് മുസ്ല്യാരകത്ത് തുടങ്ങിയവർ സംസാരിച്ചു. കരീം മാവൂർ ഗാനങ്ങളാലപിച്ചു. നിസാം മമ്പാട് സ്വാഗതവും നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. നാസർ ശാന്തപുരം അവതരണകനായിരുന്നു. വിവിധ ക്ലബ്ബ് പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തുളളവരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - KFA President Nawas Meeran Announces Plans to Transform Kerala into a Football-Friendly State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.