യാംബു: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണം നടത്തുന്ന ജൈവ കേന്ദ്രവുമായി കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്). ജിദ്ദക്ക് സമീപം തൂവലിലെ ആസ്ഥാനത്താണ് നൂതന ജൈവ മാലിന്യ സംസ്കരണ കേന്ദ്രം തുറന്നത്. സൗദിയിൽതന്നെ ആദ്യത്തെ ജൈവമാലിന്യ സംസ്കരണ സ്റ്റാർട്ടപ്പായ 'എഡാമ ഓർഗാനിക് സൊല്യൂഷൻസി'ന്റെ റീസൈക്ലിങ് സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. മരുഭൂമിയിൽ കാർഷിക സാധ്യതകൾ കൂടുതൽ ഫലപ്രദമായി നടത്താനും പാരിസ്ഥിതിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ഈ സംവിധാനം കൂടുതൽ ഫലപ്രദമാകും.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്ത സാഹചര്യത്തിൽ അത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഏറെ ഭീഷണിയായി മാറുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും വാണിജ്യമേഖലക്കും മറ്റും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതുകൂടിയാണ് ഇത്. രാജ്യത്ത് അടിഞ്ഞുകൂടുന്നതിൽ 65 ശതമാനവും ജൈവമാലിന്യമാണ്. ഇത് വായുവിനെ മലിനമാക്കുകയും മീഥേൻ പോലുള്ള അപകടകരമായ വാതകങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
ജൈവ മാലിന്യങ്ങളെ മരുഭൂമിയിലെ കൃഷി, വൃക്ഷത്തൈ നടീൽ, ഭൂമി പുനരുദ്ധാരണ പദ്ധതികൾ എന്നിവക്കായി ഉപയോഗപ്രദമായ ഉൽപന്നങ്ങളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കും. കൗസ്റ്റ് കാമ്പസിലെ ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ നൂറുശതമാനവും പുനരുപയോഗപ്രദമാക്കും. പ്രദേശത്തെ മണലും മണ്ണും കാർഷികവൃത്തിക്കായി ഉപയോഗപ്പെടുത്താനും സാധിക്കും. 2017ൽ ജിദ്ദക്കടുത്തുള്ള തൂവലിൽ കൗസ്റ്റ് ആരംഭിച്ചത് മുതൽ എഡാമ ഓർഗാനിക് സൊല്യൂഷൻസിന്റെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചുവെങ്കിലും റീസൈക്ലിങ് മേഖലയിൽ വമ്പിച്ച വിപ്ലവം ഉണ്ടാക്കാൻ ഇപ്പോൾ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് കൗസ്റ്റ് ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് ഡോ. കെവിൻ കുള്ളൻ പറഞ്ഞു.
മരുഭൂമിയിലെ കൃഷി, ലാൻഡ്സ്കേപ്പിങ്, ഉദ്യാന പരിപാലനം എന്നിവക്കാവശ്യമായ ഉൽപന്നങ്ങളാക്കി ജൈവമാലിന്യത്തെ മാറ്റാൻ ഈ സംസ്കരണ കേന്ദ്രത്തിലൂടെ സാധിക്കും. പരിസ്ഥിതി മലിനീകരണവും വരണ്ടപ്രദേശങ്ങളിലെ കൃഷിയും മെച്ചപ്പെടുത്താൻ സ്റ്റാർട്ടപ് ലക്ഷ്യമിടുന്നു. എഡാമ പദ്ധതി വഴി പാരിസ്ഥിതിക ഭീഷണികൾ കുറക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും കഴിയുമെന്നും അധികൃതർ അറിയിച്ചു. സൗദി അറേബ്യയിലെ വളരുന്ന നഗരങ്ങളുടെ സുസ്ഥിര വികസനം, മെഗാ പ്രോജക്ടുകൾ, വിഷൻ 2030 റീസൈക്ലിങ് ലക്ഷ്യങ്ങൾ എന്നിവക്ക് നൂതന ജൈവമാലിന്യ സംസ്കരണ കേന്ദ്രം സഹായകമാകും. ജൈവമാലിന്യ പുനരുപയോഗ പരിഹാരങ്ങളുടെ മികവുറ്റ പദ്ധതിയായി രാജ്യത്ത് പരിവർത്തിപ്പിക്കാൻ 'എഡാമ' പദ്ധതി വഴി ലക്ഷ്യമാക്കാനും ബന്ധപ്പെട്ടവർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.