ജുബൈൽ: സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ദമ്മാമിലെ കിങ് ഫഹദ് കോസ്വേയിലൂടെ മണിക്കൂറിൽ കടന്നുപോകുന്നത് 2089 വാഹനങ്ങൾ. കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) സ്ഥിരീകരിച്ചതാണ് ഇക്കാര്യം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. അന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ പാലത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ എണ്ണം 25,067 ആയിരുന്നു. മണിക്കൂറിൽ ശരാശരി 2,089 വാഹനങ്ങൾ കടന്നുപോകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സൗദി പൗരന്മാർക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതി നൽകിയതിന് ശേഷമാണ് യാത്രക്കാരിൽ ഗണ്യമായ വർധന ഉണ്ടായത്. മുതിർന്നവർ കോവിഡ് വാക്സിൻ മൂന്ന് ഡോസും 16 വയസ്സിന് താഴെയുള്ളവർ രണ്ട് ഡോസും സ്വീകരിച്ചെങ്കിൽ മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ അനുവദിക്കൂ. 12 വയസ്സിന് താഴെയുള്ളവർക്ക് അവരുടെ പ്രതിരോധ കുത്തിവെപ്പ് മാത്രം പരിഗണിക്കില്ല. അവർക്ക് കൊറോണ വൈറസിനെതിരായ ഇൻഷുറൻസ് നിർബന്ധമാണെന്ന് കെ.എഫ്.സി.എ അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്കാണെങ്കിൽ തവക്കൽന ആപ്ലിക്കേഷനിൽ ആരോഗ്യനില 'രോഗപ്രതിരോധ ശേഷി' ഉള്ളതായിരിക്കണം.
ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ അവരുടെ പാസ്പോർട്ടിലെ ശേഷിക്കുന്ന കാലയളവ് മൂന്നു മാസത്തിൽ കുറയാത്തതാണെന്ന് ഉറപ്പാക്കണമെന്ന് 'ജവാസത്ത്' അറിയിച്ചു.സൗദി ഫാമിലി രജിസ്ട്രി കാർഡ് യാത്രക്ക് ഉപയോഗിക്കാവുന്ന രേഖയായി കണക്കാക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.