ജിദ്ദ: നിരവധിയാളുകളുടെ ജീവൻ അപഹരിച്ചും സ്വത്തുനാശത്തിനിടയാക്കിയും മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ സൗദി അറേബ്യ അനുശോചിച്ചു. രാജ്യത്തെ ബാധിച്ച വിനാശകരമായ ദുരന്തത്തിൽ മൊറോക്കോ ഗവൺമെന്റിനോടും ജനങ്ങളോടും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വലിയ ദുരിതത്തിൽ മൊറോക്കോയോടും അവിടെയുള്ള സഹോദരങ്ങളോടും സൗദി അറേബ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മൊറോക്കോക്കും അവിടെയുള്ള സഹോദരങ്ങൾക്കും സുരക്ഷയും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ടാണ് മൊറോക്കോയിലെ അൽഹൗസ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ ഏഴു ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 800ലേറെ ആളുകളാണ് മരിച്ചത്. 600ലധികം ആളുകൾക്ക് പരിക്കേറ്റു. വൻതോതിൽ സ്വത്തുനാശവുമുണ്ടായി.
ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ അനുശോചന സന്ദേശം അയച്ചു. ചില മൊറോക്കൻ നഗരങ്ങളിൽ ഭൂകമ്പം ഉണ്ടായെന്നും അതുമൂലം മരണങ്ങളും പരിക്കുകളുമുണ്ടായെന്നും വിവരം ലഭിച്ചു.
താങ്കളോടും മരിച്ച എല്ലാവരുടെ കുടുംബാംഗങ്ങളോടും എന്റെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നതായും മരിച്ചവർക്ക് ദൈവകാരുണ്യത്തിനും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനും പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.