റിയാദ്: യമൻ, സുഡാൻ, സിറിയ എന്നിവക്കായി ലോകാരോഗ്യ സംഘടനയുമായി അഞ്ച് സംയുക്ത പരിപാടികളിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം ഒപ്പുവെച്ചു. ഏകദേശം 1.95 കോടി ഡോളറിന്റെ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനാണിത്. ലോകാരോഗ്യ സംഘടനയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ച് ജനീവയിൽ വെച്ചു റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസും തമ്മിലാണ് അഞ്ച് കരാറുകളിൽ ഒപ്പുവെച്ചത്.
സുഡാനിലെ ഡയാലിസിസ് സാമഗ്രികളുടെ രൂക്ഷമായ ക്ഷാമം നികത്തുന്നതിനാണ് ആദ്യ കരാർ. ഏകദേശം 2,35,000 ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഉപഭോഗവസ്തുക്കൾ നൽകി സുഡാനിലെ വിവിധ സംസ്ഥാനങ്ങളിൽ വൃക്ക തകരാറുള്ള രോഗികളുടെ മരണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇതിനായി 100 ഡയാലിസിസ് മെഷീനുകൾ, 77 ഡയാലിസിസ് സെൻററുകളിലെ മെഡിക്കൽ സ്റ്റാഫിന്റെ ശമ്പളം, 50 ലക്ഷം ഡോളർ എന്നിവ നൽകും.
രണ്ടാമത്തെ കരാർ സിറിയയിൽ ഭൂകമ്പം ബാധിച്ചവർക്ക് വൈദ്യസഹായം നൽകുന്നതിനാണ്. മൊത്തം 47 ലക്ഷം യു.എസ് ഡോളറാണ് ഇതിനു ചെലവഴിക്കുക. ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലെ 17 സെൻട്രൽ ആശുപത്രികളിലെ ഓപറേഷൻസ്, സെൻട്രൽ കെയർ, എമർജൻസി, ഡയാലിസിസ് എന്നിവക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചു വടക്കു പടിഞ്ഞാറൻ സിറിയയിലെ ആരോഗ്യ സ്ഥാപനങ്ങളെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എൻഡോസ്കോപ്പി, കാർഡിയോളജി, ലബോറട്ടറി എന്നിവക്കാവശ്യമായ ഉപകരണങ്ങൾ, രണ്ട് സി.ടി. സ്കാൻ മെഷീനുകൾ, റേഡിയോളജി, അൾട്രാസൗണ്ട്, എക്കോ മെഷീനുകൾ എന്നിവയും ദുരിതബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് പത്ത് ആംബുലൻസുകളും മരുന്നുകളും ഇതിലുൾപ്പെടും.
യമനിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചാം പനി പടർന്നുപിടിക്കുന്നതിനെ നേരിടാനാണ് മൂന്നാമത്തെ കരാർ. ഇതിന് ആകെ ചെലവ് 30 ലക്ഷം ഡോളറാണ് വകയിരുത്തിയത്. 1,205,336 യമനി കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിച്ച് അഞ്ചാം പനി വ്യാപനം കുറക്കുക, 1,125 ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾ, മറ്റു വസ്തുക്കൾ, വിവിധ ഗവർണറേറ്റുകളിലെ കേസുകൾ ചികിത്സിക്കാൻ ആവശ്യമായ ഉപഭോഗവസ്തുക്കൾ എന്നിവ സജ്ജീകരിക്കുക, തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ സുസ്ഥിരമായ പ്രതിരോധ കുത്തിവയ്പ് സേവനങ്ങൾ ഉറപ്പാക്കുന്നതിന് കോൾഡ് ചെയിൻ സപ്പോർട്ട് ഉപകരണങ്ങൾ വാങ്ങുക, പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ജല, പരിസ്ഥിതി ശുചിത്വ മേഖലകളിലെ അടിസ്ഥാന പ്രവർത്തനങ്ങളെ പിന്തുണക്കുക എന്നിവ കരാറിലുൾപ്പെടും.
നാലാമത്തെ കരാർ യമനിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് 37 ലക്ഷം ഡോളറിന്റെ സുസ്ഥിരമായ ജലവിതരണവും ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലെ ജലവും ശുചിത്വ സേവനങ്ങളും മെച്ചപ്പെടുത്തലുമാണ്. ഇതിനായി പത്ത് ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കിണറുകൾ കുഴിക്കും. പമ്പ്, വാട്ടർ ടാങ്ക്, കണക്ഷൻ പൈപ്പുകൾ എന്നിവ ഇതിലുൾപ്പെടും. ജലടാങ്കുകൾ നിർമിക്കുക, 60 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണം, ജലത്തിന്റെ ഗുണനിലവാര നിരീക്ഷണവും ചികിത്സയും കരാറിലുൾപ്പെടും.
അഞ്ചാമത്തെ കരാർ യമനിലുടനീളം കോളറ വ്യാപിക്കുന്നത് തടയുന്നതിനാണ്. 30 ലക്ഷം യു.എസ് ഡോളറിന്റെ ഒരു കൂട്ടം പ്രതിരോധ, രോഗശമന പ്രവർത്തനങ്ങൾ ഇതിനായി നടപ്പിലാക്കും. സെൻട്രൽ ലബോറട്ടറികൾക്ക് വാക്സിനുകൾ, മരുന്നുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവ നൽകൽ, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകൽ. എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ, വാക്സിനേഷൻ കാമ്പയ്ൻ എന്നിവ പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സൗദി ഭരണകൂടത്തിന്റെ മാനുഷിക വിഭാഗമായ കിങ് സൽമാൻ റിലീഫ് സെന്റർ മുഖേന നൽകുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്രയും സംഖ്യയുടെ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.