ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർണമായി. മലപ്പുറം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളെയും ഉൾപ്പെടുത്തി, മണ്ഡലാടിസ്ഥാനത്തിൽ കളിക്കാരെ അണിനിരത്തി ജിദ്ദ മഹ്ജറിലെ എമ്പറർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. വാശിയേറിയ പ്രീക്വാർട്ടർ മത്സരങ്ങളിൽ ജിദ്ദയിലെയും നാട്ടിലെയും നിരവധി കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു.
തീരദേശ മണ്ഡലങ്ങളായ പൊന്നാനിയും താനൂരും നേർക്കുനേർ വന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ, ടീം താനൂർ അഞ്ചു ഗോളിന് ടീം പൊന്നാനിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ സമനിലയിൽ തുടർന്നു.
രണ്ടാം പകുതിയിൽ ടീം താനൂരിന്റെ മുഹമ്മദ് ജവാഷിൻ നൽകിയ പാസിൽ നിസാർ ആദ്യ ഗോൾ നേടി. പിന്നീട് തുടരെ തുടരെ വലകുലുക്കിയ മുഹമ്മദ് ജവാഷിൻ താനൂരിന് വേണ്ടി ഹാട്രിക് നേടി. ഒരു സെൽഫ് ഗോളടക്കം അഞ്ച് ഗോളുകൾ നേടിയ താനൂർ ടീം ഗ്രൗണ്ടിൽ വ്യക്തമായ ആധിപത്യം നേടി. മികച്ച കളിക്കാരനായി താനൂരിന്റെ മുഹമ്മദ് ജവാഷിനുള്ള ഉപഹാരം ഗ്ലോബ് ലോജിസ്റ്റിക് നാഷനൽ സെയിൽസ് മാനേജർ മുഹമ്മദ് ഫാസിൽ നൽകി.
വേങ്ങര, വണ്ടൂർ മണ്ഡലം ടീമുകൾ ഏറ്റുമുട്ടിയ രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ടീം വണ്ടൂർ വിജയിച്ചു. മികച്ച ടീം ലൈനപ്പുമായിറങ്ങിയ വണ്ടൂർ തുടക്കം മുതൽ അവസാനം വരെയും ആക്രമിച്ചു കളിച്ചു.
വേങ്ങരയുടെ ഗോൾകീപ്പർ നടത്തിയ മികച്ച സേവുകൾ സ്കോർബോർഡ് കൂടുതൽ ചലിക്കാതിരിക്കാൻ സാഹചര്യമൊരുക്കി. വണ്ടൂരിന് വേണ്ടി ജാവേദ്, ഷിബിലി, ജിബിൻ വർഗീസ് എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിലെ കേമനായി തെരഞ്ഞെടുത്ത ടീം വണ്ടൂരിന്റെ ഷിബിലിക്കുള്ള ഉപഹാരം മുൻ കേരള യൂനിവേഴ്സിറ്റി താരവും മദീന ഇന്ത്യൻ ഫുട്ബാൾ ഫോറം ഭാരവാഹിയുമായ കെ.എ. മൊയ്‌ദീൻ നൽകി.
ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മലപ്പുറം, വള്ളിക്കുന്ന് ടീമുകളുടെ പ്രീ ക്വാർട്ടർ മത്സരത്തിൽ മുഴുവൻ സമയവേളയിൽ ഗോളുകളൊന്നും പിറന്നില്ല. തുടർന്നു നടന്ന ടൈബ്രേക്കറിൽ കീപ്പർ അമീർ നടത്തിയ ഫുൾ ലെങ്ത് ഡൈവ് സേവിലൂടെ മലപ്പുറം എഫ്.സി ഒരു ഗോളിന് ടീം വള്ളിക്കുന്നിനെ മറികടന്നു.
മികച്ച ടീം ലൈനപ്പുമായാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങിയത്. മത്സരത്തിലെ കേമനായി തെരഞ്ഞെടുത്ത ടീം മലപ്പുറം ഗോൾ കീപ്പർ അമീറിനുള്ള ഉപഹാരം ഷബാബ് ഇന്റർനാഷനൽ ട്രേഡിങ് കമ്പനി എം.ഡി പി.വി. മുജീബ് നൽകി.
ആവേശകരമായ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ ടീം പെരിന്തൽമണ്ണ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ടീം തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ റിസ്‌വാനിലൂടെ ടീം പെരിന്തൽമണ്ണ ലീഡ് നേടി.
മുഹമ്മദ് അനീസ്, മുഹമ്മദ് സൽമാൻ എന്നിവർ ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയിൽ ടീം തിരൂരങ്ങാടി ലീഡ് നേടി. രണ്ടാം പകുതിയിൽ അലൻ സോളമനെടുത്ത മനോഹരമായ ഫ്രീ കിക്ക് ലക്ഷ്യം കണ്ടതോടെ ടീം പെരിന്തൽമണ്ണ മത്സരത്തിലേക്ക് തിരിച്ചുവന്നു.
അർഷാദ് തങ്ങൾ, അലൻ സോളമൻ എന്നിവർ വീണ്ടും സ്കോർ ചെയ്തതോടെ ടീം പെരിന്തൽമണ്ണ മത്സരത്തിൽ വ്യക്തമായ ലീഡ് നേടി. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ടീം പെരിന്തൽമണ്ണയുടെ അലൻ സോളമനുള്ള ഉപഹാരം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രടറി ഷൗക്കത്ത് ഞാറക്കോടൻ നൽകി.
അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ജിദ്ദ മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുമെന്ന് സംഘാടക സിമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.