റിയാദ്: പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് കെ.എം.സി.സി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിലാണ് നേതാക്കൾ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സൗദിയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർപോർട്ട് ഹെൽത്ത് ഓഫിസറുടെ (എ.പി.എച്ച്.ഒ) ഭാഗത്തുനിന്ന് തടസ്സങ്ങൾ നേരിടുന്നതായും ഇത് മൃതശരീരം നാട്ടിലെത്തിക്കുന്നത് വൈകിപ്പിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സൗദിയിൽനിന്ന് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ എയർപോർട്ടിലേക്ക് രേഖകൾ അയക്കുമ്പോൾ എംബാം സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. എംബാം ചെയ്യാതെ സർട്ടിഫിക്കറ്റ് ലഭിക്കില്ല. സർട്ടിഫിക്കറ്റ് ലഭിക്കാതെ എ.പി.എച്ച്.ഒയും എയർലൈൻസും കൺഫർമേഷനും നൽകുന്നില്ല. ഈ വിഷയം സംസ്ഥാന, കേന്ദ്ര ആരോഗ്യമന്ത്രിമാരുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പരിഹാരമെന്ന നിലയിൽ വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എംബാം സർട്ടിഫിക്കറ്റ് അയക്കാമെന്ന വ്യവസ്ഥയിൽ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നൽകാൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലെയും എ.പി.എച്ച്.ഒക്ക് നിർദേശം നൽകാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചുവെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. ഇക്കാരണത്താൽ മൃതശരീരം മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.
താമസരേഖ (ഇഖാമ) പുതുക്കാത്തതടക്കം വിവിധ കാരണങ്ങളാൽ സൗദിയിൽ നിരവധി ഇന്ത്യക്കാർ നിയമവിരുദ്ധരായി കഴിയുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി എംബസി ഇടപെട്ട് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാലതാമസം നേരിടുന്നു. തൊഴിൽ പ്രശ്നങ്ങളിലും മറ്റും പെട്ട് നിയമ നടപടികൾ നേരിടുന്ന ഇന്ത്യക്കാർക്ക് നിയമ സഹായം നൽകാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ സെൽ രൂപവത്കരിക്കണം. സൗദിയിൽ മരിക്കുന്ന വ്യത്യസ്ത മതക്കാരായ നവജാത ശിശുക്കളുടെയും കുട്ടികളുടെയും മൃതശരീരം സംസ്കരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി വേണം.
വിമാനക്കമ്പനികൾ ഒരു മാനദണ്ഡവുമില്ലാതെ ടിക്കറ്റിന് അമിത ചാർജ് ഈടാക്കുന്നത് നിയന്ത്രിക്കണം. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്ന രോഗികൾക്കുവേണ്ടി കൂടുതൽ സ്ട്രക്ച്ചർ, ഓക്സിജൻ സൗകര്യങ്ങളും ഒരുക്കണം. തൊഴിൽപരമായ പ്രശ്നങ്ങളിൽപെട്ടവരും രോഗം മൂലം പ്രയാസപ്പെടുന്നവരുമായ ഇന്ത്യക്കാർക്ക് ആവശ്യമായ താമസ സൗകര്യവും മറ്റു അവശ്യ സേവനങ്ങളും നൽകാൻ എംബസിക്ക് നിർദേശം നൽകണം. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന സന്നദ്ധ സംഘടനകൾ സ്വന്തം ഉത്തരവാദിത്തത്തിലാണ് പലപ്പോഴും ഇക്കാര്യങ്ങൾ ചെയ്തുവരുന്നതെന്നും സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പൊലീസ് കേസ്, ജയിൽ, മരണം, കോടതി തുടങ്ങിയ കേസുകളിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയെ അറിയിക്കാനുള്ള ക്രമീകരണം നടത്തണം.സന്നദ്ധ പ്രവർത്തകർ സൗദിയിലെ വിവിധ വകുപ്പുകളുടെ ഓഫിസുകൾ സന്ദർശിക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളും മറ്റും ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
സൗദിയിൽ മരണപ്പെടുന്നയാളുടെ മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ വിവിധ ഓഫിസുകൾ സന്ദർശിക്കേണ്ടിവരുന്നതിനാൽ പലപ്പോഴും പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഇത് എളുപ്പത്തിലാക്കാൻ എംബസി, കോൺസുലേറ്റ് കാര്യാലയങ്ങളിൽ സൗദി സർക്കാറിന്റെ എല്ലാ വകുപ്പുകളുമായും സഹകരിച്ച് ഏകജാലക സംവിധാനം ഏർപ്പെടുത്തണം. സൗദിയിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ആരോഗ്യഇൻഷുറൻസ് പദ്ധതി ആരംഭിക്കണം.
വിവിധ കേസുകളിലായി ജയിലിൽ കഴിയുന്നവരുടെ വിഷയങ്ങൾ സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റിക്രൂട്ട്മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. സൗദി കെ.എം.സി.സി ഉന്നയിച്ച വിഷയങ്ങളിൽ സാധ്യമാകുന്നതെല്ലാം ചെയ്യാമെന്ന് മന്ത്രി മുരളീധരൻ സംഘത്തിന് ഉറപ്പുനൽകി.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ എന്നിവർ കൂടിക്കാഴ്ചയിൽപങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.