ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ സ്പോർട്സ് കമ്മിറ്റി വിങ്ങിെൻറ നേതൃത്വത്തിൽ സൗദിയിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ഫുട്ബാൾ മേളയുടെ വെസ്റ്റേൺ റീജ്യൻ സെമി വെള്ളിയാഴ്ച രാത്രി എട്ടിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി (ജാമിഅ) സ്റ്റേഡിയത്തിൽ നടക്കും. ജിദ്ദയിലെ പ്രമുഖ ടീമുകളായ റീം റിയൽ കേരള എഫ്.സിയും ചാംസ് സാബിൻ എഫ്.സിയുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന 17 വയസ്സിന് താഴെയുള്ള വിദ്യാർഥികളുടെ മത്സരത്തിൽ ജെ.എസ്.സി സോക്കർ അക്കാദമി ടീമും സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ടീമും അക്കാദമി വിഭാഗത്തിൽ ഏറ്റുമുട്ടും.
പഴയ കാലഘട്ടങ്ങളിലെ കളിക്കളങ്ങളിലെ പടക്കുതിരകളായ 40 വയസ്സിന് മുകളിലുള്ളവരുടെ ഫൈനൽ മത്സരത്തിൽ വൈകീട്ട് ആറിന് ജെ.എസ്.സി സൂപ്പർ സീനിയേഴ്സ്, ഫ്രൈഡേ ഫുട്ബാൾ ജിദ്ദയുമായി ഫൈനലിൽ ഏറ്റുമുട്ടുമെന്നും ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത ഗായകൻ ആബിദ് കണ്ണൂരിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഫൈനൽ മത്സര ദിനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. സൗദിയുടെ വിവിധ പ്രദേശങ്ങളിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറാണ് സൗദി നാഷനൽ കെ.എം.സി.സി ഫുട്ബാൾ മാമാങ്കം.
ജൂലൈ ആദ്യ വാരത്തിൽ റിയാദിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. മത്സരത്തോടനുബന്ധിച്ച് ലക്കി ഡ്രോയിലൂടെ വിവിധ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു. വാശിയേറിയ സെമിഫൈനൽ മത്സരം വീക്ഷിക്കാൻ എല്ലാ ഫുട്ബാൾ പ്രേമികളെയും ജിദ്ദ കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും വാർത്തസമ്മേളനത്തിൽ സംഘാടകർ പറഞ്ഞു. സൗദി നാഷനൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് നിസാം മമ്പാട്, സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, വൈസ് ചെയർമാൻ അബു കട്ടുപ്പാറ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.