കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

സൗദി കെ.എം.സി.സി പത്താം വാര്‍ഷിക ഉപഹാരമായി പ്രവാസികൾക്ക് പെൻഷൻ ആരംഭിക്കുന്നു

ജിദ്ദ: കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പത്താം വര്‍ഷത്തിലേക്ക്. പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് 'ഹദിയത്തു റഹ്മ' എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയ നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെൻഷന് അർഹത ഉണ്ടാവുക. ഇപ്രകാരം അർഹത നേടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്ത വർഷം മാർച്ച് മുതൽ പ്രതിമാസം 2,000 രൂപയാണ് പെൻഷനായി നിക്ഷേപിക്കുക.

സൗദി നാഷണല്‍ കെ.എം.സി.സി കമ്മറ്റിക്ക് കീഴിലുള്ള 35 സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് 'ഹദിയത്തു റഹ്മ' പദ്ധതി നടപ്പിലാക്കുന്നത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ശേഷം അർഹരായവർക്ക് മാര്‍ച്ച് മുതല്‍ പദ്ധതിപ്രകാരം പെൻഷൻ വിതരണം ആരംഭിക്കും. സുരക്ഷാ പദ്ധതി നടക്കുന്ന ഒരു വര്‍ഷത്തേക്കായിരിക്കും പദ്ധതി നടപ്പിലാക്കുക. തൊട്ടടുത്ത വര്‍ഷം അംഗത്വം പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് പദ്ധതിയിൽ ചേരാനും അവസരമുണ്ടാകും. സൗദിയിലുണ്ടായിരുന്നപ്പോൾ പദ്ധതിയില്‍ അംഗമായിരുന്ന സെന്‍ട്രല്‍ കമ്മറ്റി വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകള്‍ നാഷനൽ കമ്മിറ്റി നേരിട്ട് സ്വീകരിക്കില്ല.

പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ഉദ്ഘാടനവും ഈ മാസാവസാനം കേരളത്തിൽ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഈ വര്‍ഷം ഇതുവരെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ അംഗങ്ങൾക്കുമുള്ള മൂന്ന് കോടി രൂപയുടെ ആനുകൂല്യ വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അടുത്ത വര്‍ഷത്തെ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഈ മാസം 15 ന് ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിക്കും. www.mykmcc.org എന്ന  വെബ്സൈറ്റിലൂടെ അംഗത്വം പുതുക്കാം. സുരക്ഷാ പദ്ധതിയില്‍ തുടര്‍ച്ചയായി അംഗത്വം നേടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നതിനാണ് കമ്മറ്റി പ്രാമുഖ്യം നല്‍കുന്നതെന്നും ഇതുവരെ സുരക്ഷ പദ്ധതി പ്രകാരം ഏകദേശം 300 ഓളം പേർക്ക് മരണാനന്തര ആനുകൂല്യം വിതരണം ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി സെൻട്രൽ കമ്മറ്റികൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നുവരുന്നതായും നവംബർ അവസാനത്തോടെ മുഴുവൻ സെൻട്രൽ കമ്മറ്റികളുടെയും തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നും ഡിസംബറോടെ സൗദി നാഷണൽ കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് ‌വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - kmcc starts pension plan for pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.