ജിദ്ദ: മഹാമാരിയെ നേരിടാനും പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനും രാജ്യത്തിന് പ്രാപ്ത ിയുണ്ടെന്ന് സൗദി മന്ത്രിസഭ. കോവിഡ്-19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച രാജകീയ ഉത്തരവുകളും നിർദേശങ്ങളും അവ നടപ്പാക്കാൻ സ്വീകരിച്ച മാർഗങ്ങളും അവലോകനം ചെയ്യാൻ ഒാൺലൈൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം ചേർന്ന യോഗമാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോവിഡ് പ്രതിസന്ധി ജനങ്ങളിലും ദേശീയ സമ്പദ്വ്യവസ്ഥയിലും സൃഷ്ടിച്ച പ്രതികൂല ഫലങ്ങളെ കൈകാര്യം ചെയ്യാൻ രാജ്യത്തിന് നല്ല പ്രാപ്തിയുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കും എല്ലാ സേവനങ്ങളും നൽകുന്നതിനും ജോലിത്തുടർച്ച ഉറപ്പുവരുത്തുന്നതിനും സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിനും സാമ്പത്തിക മേഖലയുടെ സ്ഥിരത നിലനിർത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളെ യോഗം അഭിനന്ദിച്ചു. ധാരാളം ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികളെയും പ്രശംസിച്ചു.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ഉടനെ പുറത്തിറക്കിയ രാജകീയ ഉത്തരവുകളും നിർദേശങ്ങളും പൗരന്മാരുടെയും പ്രവാസികളുടെയും വിവിധ സർക്കാർ വകുപ്പുകൾക്കു കീഴിൽ, പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലത്തിനു കീഴിൽ സ്വീകരിച്ച മുൻകരുതൽ നടപടികളും രോഗപ്രതിരോധ പ്രവർത്തനങ്ങളും മന്ത്രിസഭ വിലയിരുത്തി. രാജ്യത്തെ പൗരന്മാർ, വിദേശികൾ, നിയമലംഘകരായ വിദേശികൾ എന്നിവർക്ക് ഗവൺമെൻറ്, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകാനുള്ള രാജകീയ ഉത്തരവ് രാജ്യത്തിെൻറ യശസ്സുയർത്തിയെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടതായി സൗദി പ്രസ് ഏജൻസി മാധ്യമ സഹമന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖല, വൈദ്യസംഘം, സുരക്ഷ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ത്യാഗപരമായ പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവ് നന്ദി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട ദൈനംദിന റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തതായും ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.