ദമ്മാം: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ജിദ്ദയിൽ വെള്ളിയാഴ്ചയാണ് കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നത്. പ്രവിശ്യ, സെൻട്രൽ, ജില്ല കമ്മിറ്റി പ്രതിനിധികളുടെ ഭൂരിപക്ഷ പിന്തുണ നേടി മക്ക സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള കുഞ്ഞുമുഹമ്മദ് കാക്കിയ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുൻ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്ന അഷ്റഫ് വേങ്ങാട്ടും ഖാദർ ചെങ്കളയും നിർദേശിക്കപ്പെട്ടതോടെ വോട്ടെടുപ്പ് വേണ്ടിവന്നു. 110 കൗൺസിലർമാർ പങ്കെടുത്ത വോട്ടെടുപ്പിൽ അഷ്റഫ് വേങ്ങാട്ട് വിജയിയായി. തുടർന്ന്, മുതിർന്ന നേതാവ് കൂടിയായ ഖാദർ ചെങ്കളയെ ചെയർമാനായി ഭൂരിപക്ഷ പിന്തുണയോടെ വരണാധികാരികൾ പ്രഖ്യാപിച്ചു.
ജിദ്ദയിൽ നിന്നുള്ള അഹ്മദ് പാളയാട്ട് ആണ് ട്രഷറർ. സഹഭാരവാഹികളുടെ പേരുകൾ അംഗങ്ങളുടെ ആനുപാതികാടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു.
ഇതിനായി എല്ലാ കമ്മിറ്റികളിൽ നിന്നും നിർദേശിക്കപ്പെട്ട പേരുകൾ വരണാധികാരികൾ ശേഖരിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കുഞ്ഞുമോൻ കാക്കിയ മലപ്പുറം, കൂട്ടിലങ്ങാടി സ്വദേശിയാണ്. മക്ക കെ.എം.സി.സിയുടെ നിലവിലെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം കെ.എം.സി.സി ഹജ്ജ് വളന്റിയർമാർക്ക് നൽകുന്ന നേതൃത്വം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.
സാധാരണ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന നേതാവെന്ന സ്വീകാര്യതയാണ് അദ്ദേഹത്തെ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ തലപ്പത്തേക്ക് എത്തിച്ചതിന് പ്രേരകഘടകമായത്. കെ.എം.സി.സി നേതാവായിരിക്കുമ്പോഴും റിയാദിലെ സാമൂഹിക സംഘടനാ രംഗത്ത് പൊതുസ്വീകാര്യനായ വ്യക്തിത്വമാണ് അഷ്റഫ് വേങ്ങാട്ടിന്റേത്. മാധ്യമപ്രവർത്തകൻ കൂടിയായ അദ്ദേഹം കോഴിക്കോട് പേട്ട സ്വദേശിയാണ്.
കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയും അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡൻറുമായി പ്രവർത്തിച്ച പാരമ്പര്യവുമായാണ് അദ്ദേഹം വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിതനാകുന്നത്.
ജിദ്ദയിലെ കെ.എം.സി.സിയുടെ അംഗീകൃത മുഖമായ അഹ്മദ് പാളയാട്ട് ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഹജ്ജ് സെൽ ചെയർമാനുമായിരുന്നു. കോഴിക്കോട് ചേലാമ്പ്ര സ്വദേശിയാണ്.
കാസർകോട് സ്വദേശിയായ ഖാദർ ചെങ്കള ഗൾഫ് ചന്ദ്രികയുടെ ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്. അഡ്ഹോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. കെ.എം.സി.സിയുടെ ദേശീയ കമ്മിറ്റിയുടെ തലപ്പത്തെത്തുമ്പോൾ താൻ വഹിക്കേണ്ടി വരുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് ഏറെ ബോധവാനാണെന്ന് നിയുക്ത പ്രസിഡന്റ് കുഞ്ഞുമോൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രവാസ സമൂഹത്തെ ആകമാനം ചേർത്തുപിടിച്ച് അവരുടെ പുനരധിവാസ സ്വപ്നം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും കെ.എം.സി.സി ആവിഷ്കരിക്കുക. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്ന് പരമാവധി സഹായങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിനും പ്രതിജ്ഞാ ബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന ഭാരവാഹികളും വരണാധികാരികളും കൂടിയിരുന്ന് മറ്റ് ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചെയർമാൻ ഖാദർ ചെങ്കള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.