ഖമീസ് മുശൈത്ത്: മൂന്നുവർഷത്തോളം താമസ രേഖയില്ലാതെയും നിയമപ്രശ്നങ്ങൾ കൊണ്ടും ദുരിതത്തിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി കുന്നത്ത് ബാബുവിനെ അസീർ പ്രവാസി സംഘം ഇടപെട്ട് നാട്ടിലെത്തിച്ചു. നാട്ടിൽപോകാൻ ശ്രമിച്ചപ്പോൾ വിസ റിയാദിലെ ഓഫിസ് മുഖാന്തരം എടുത്തതായതു കൊണ്ട് അബഹ തർഹീലിൽനിന്ന് എക്സിറ്റ് നേടാൻ കഴിഞ്ഞില്ല. സ്പോൺസർ നേരിട്ട് റിയാദിലെത്തിച്ചേരണമെന്ന ജവാസാത്ത് അധികൃതരുടെ നിർദേശം പാലിക്കാൻ ശാരീരികമായി പ്രയാസം നേരിടുന്ന സ്പോൺസർക്ക് കഴിയാതെവന്ന സാഹചര്യത്തിൽ ബാബു സഹായം തേടി അസീർ പ്രവാസി സംഘത്തെ സമീപിക്കുകയായിരുന്നു. മകളുടെ വിവാഹദിനമടുത്തിട്ടും നാട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ട ബാബുവിനെ ഏതുവിധേനയും സഹായിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് പ്രശ്നത്തിൽ അസീർ പ്രവാസി സംഘം ഇടപെടുകയായിരുന്നു. റിയാദ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ മധുസൂദനന്റെ സഹായത്തോടെ റിയാദിൽ നിന്ന് എക്സിറ്റ് നേടുകയും തുടർന്ന് അസീർ പ്രവാസി സംഘം നിയമപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. യാത്രാരേഖകൾ അസീർ പ്രവാസിസംഘം പ്രസിഡന്റ് അബ്ദുൽ വഹാബ് ബാബുവിന് കൈമാറി. ജോയന്റ് സെക്രട്ടറി രാജഗോപാൽ, ഖമീസ് ഏരിയ കമ്മിറ്റി അംഗം വിശ്വനാഥൻ എന്നിവർ ബാബുവിനെ യാത്രയയക്കൽ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.