സൗദിയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ഫയൽ ചെയ്യാം

ജിദ്ദ:രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ, ലേബർ ഓഫീസുകൾ ഇലക്ട്രോണിക് രീതിയിൽ കേസ് ലേബർ കോടതികളിൽ സമർപ്പിക്കണം. കേസിൻ്റെ തുടർന്നുള്ള സ്റ്റാറ്റസ് ഇരുകക്ഷികൾക്കും ഓട്ടോമാറ്റിക് മെസേജ് ആയി ലഭിക്കും.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ഫയൽ ചെയ്യുന്ന ആദ്യഘട്ടത്തിൽ തന്നെ തൊഴിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനുള്ള ഇലക്‌ട്രോണിക് സേവനം സാധ്യമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗഹാർദ്ദപരമായ ഒത്തുതീർപ്പിന്നാണ് ആദ്യ ശ്രമം ഉണ്ടാവുക. അത് സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദ്ദപരമായ പരിഹാരത്തിൽ എത്തിച്ചേരാൻ മധ്യസ്ഥത നടത്തും. അതിലും പരിഹാരം ആയില്ലെങ്കിൽ കേസ് തീയതി മുതൽ 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ലേബർ കോടതിയിലേക്ക് കേസ് റഫർ ചെയ്യും.

കേസുകൾ ഇലക്‌ട്രോണിക് രീതിയിൽ സമർപ്പിക്കുന്നതിനും കേസിൻ്റെ ഔപചാരികവൽക്കരണം അവലോകനം ചെയ്യുന്നതിനുള്ള സേവനം ഉൾപ്പെടെയുള്ള സൗഹൃദ സെറ്റിൽമെൻ്റ് സേവനങ്ങൾ മന്ത്രാലയം അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പൂർണ്ണമായും ഓട്ടോമാറ്റിക് ആക്കി. വാദം കേൾക്കുന്ന തീയതിക്ക് മുമ്പായി കേസിൻ്റെ വിശദാംശങ്ങൾ കാണാൻ വാദിയെയും പ്രതിയെയും പ്രാപ്തരാക്കുന്ന സംവിധാനമാണിത്. അനുരഞ്ജന സെഷനുകൾ നടത്താനും ഇത് അനുവദിക്കുന്നു.

തൊഴിൽ കരാറുകൾ, വേതനം, അവകാശങ്ങൾ, തൊഴിൽ പരിക്കുകൾ, നഷ്ടപരിഹാരം, പിരിച്ചുവിടൽ, തൊഴിലാളിയുടെ മേൽ അച്ചടക്ക പിഴ ചുമത്തൽ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ തർക്ക വ്യവഹാരങ്ങൾ സ്വീകരിക്കുന്നതിൽ മന്ത്രാലയത്തിൻ്റെ ഫ്രണ്ട്‌ലി സെറ്റിൽമെൻ്റ് വിഭാഗം പ്രത്യേകം ശ്രദ്ധിക്കും. തൊഴിൽ സ്ഥലത്തിൻ്റെ അധികാരപരിധിയിലുള്ള ലേബർ ഓഫീസിലും കേസ് ഉൾപ്പെടുന്ന സെറ്റിൽമെൻ്റ് ഓഫീസിലും സേവനം ലഭ്യമാകും. വ്യവഹാരം സ്വീകരിച്ചാൽ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും അയയ്ക്കും. കേസിലെ എല്ലാ കക്ഷികൾക്കും വാദം കേൾക്കൽ തീയതിയുടെ വിശദാംശങ്ങൾ അറിയിക്കുന്ന സന്ദേശങ്ങളും അയയ്ക്കും.

പരാതിക്കാരൻ ഹാജരാകുന്നതിൽ പരാജയപ്പെട്ടാൽ, കേസ് മാറ്റിവെക്കും. ശേഷം 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ഇതേ കേസ് അദ്ദേഹത്തിന് വീണ്ടും തുറക്കാൻ അവകാശമുണ്ട്. പ്രതി ആദ്യ സെഷനിൽ ഹാജരാകാത്ത സാഹചര്യത്തിൽ, മന്ത്രാലയവുമായുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റൊരു സെഷൻ്റെ തീയതി നിശ്ചയിക്കുകയും ചെയ്യും. പ്രതിയുടെ അഭാവം ആവർത്തിച്ചാൽ, നിലവിലെ തൊഴിലുടമയുടെ (പ്രതി) സമ്മതമില്ലാതെ തൊഴിലാളിക്ക് തൻ്റെ സേവനങ്ങൾ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാൻ കഴിയും, കൂടാതെ കേസ് ലേബർ കോടതികളിലേക്ക് റഫർ ചെയ്യപ്പെടുകയും ചെയ്യും.

എന്നിരുന്നാലും, ഇരുകക്ഷികളും ഒത്തുതീർപ്പിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ, സെറ്റിൽമെൻ്റിൻ്റെ മിനിറ്റ്സ് തയ്യാറാക്കി ക്ലെയിം സേവനത്തിലൂടെ അവ ലഭ്യമാക്കും. ഒരു കരാറും ഇല്ലെങ്കിൽ, കേസ് രണ്ടാം സെഷനുശേഷം ലേബർ കോടതികളിലേക്ക് മാറ്റും. സെഷനുകളുടെ തീയതികൾ നീതിന്യായ മന്ത്രാലയം പിന്നീട് തീരുമാനിക്കുകയും ഒത്തുതീർപ്പ് വിഭാഗത്തിൽ കേസ് അവസാനിച്ചതായി കണക്കാക്കുകയും ചെയ്യും.

Tags:    
News Summary - Labor disputes between an employee and an employer can be filed electronically in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.