റിയാദ്: യഥാർഥ മതബോധത്തിന്റെ അഭാവമാണ് മത സംഘര്‍ഷത്തിന് കാരണമെന്ന് എൻ.കെ. പ്രേമചന്ദ്രന് എം.പി. കേരളത്തില്‍ അപരിചിതമായ പല അനഭിലഷണീയ പ്രവണതകളും വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘മലയാളം സംസ്കാരം സൗഹാർദം’ മുഖാമുഖം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തുള്ള വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യ നന്മക്കുവേണ്ടിയുള്ളതാണ്. ജാതി, മത, സാമുദായിക ചിന്തകള്‍ക്കതീതമായി മാനവികതയാണ് ആത്യന്തിക ലക്ഷ്യം. എന്നാല്‍ വിശ്വാസങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരിലുണ്ടാകുന്ന വിഭാഗീയതയും വിദ്വേഷവും പകയും മതമൈത്രിയെ പിടിച്ചുലക്കുന്നു. വിമോചനത്തിന്റെയും പുരോഗതിയുടെയും ആധാരശില വിദ്യാഭ്യാസമാണ്.
നവോത്ഥാന ഘട്ടത്തിലൂടെ കടന്ന് ജനാധിപത്യ സര്‍ക്കാറുകളുടെ കാലത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചയാണ്. ഉന്നതവിദ്യാഭ്യാസം തേടി വിദേശരാജ്യങ്ങളിലേക്ക് വന്‍ കുടിയേറ്റമാണ് നടക്കുന്നത്. ഇതു കേരളത്തെ വൃദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, ചങ്ങാത്ത മുതലാളിത്തം, സംസ്കാരത്തെയും സൗഹാർദത്തെയും സ്വാധീനിക്കുന്ന സിനിമ സാഹിത്യം, ജെൻഡര്ന്യൂട്രാലിറ്റി തുടങ്ങി നിരവധി വിഷയങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എൻ.കെ. പ്രേമചന്ദ്രന് എം.പി മറുപടി പറഞ്ഞു.
പരിപാടിയില്‍ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മീഡിയ ഫോറം പ്രവര്‍ത്തകര്‍ എൻ.കെ. പ്രേമചന്ദ്രന് പ്രശംസാഫലകം സമ്മാനിച്ചു. ഗാന്ധി ഭവന് ട്രസ്റ്റിയും സ്നേഹരാജ്യം മാഗസിന് മാനേജിങ് എഡിറ്ററായ ഡോ. പുനലൂർ സോമരാജനെ പൊന്നാടയണിയിച്ചു.
ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സെക്രട്ടറി നാദിർഷാ റഹ്മാന് നന്ദിയും പറഞ്ഞു. നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ജലീല്‍ ആലപ്പുഴ, നൗഫല്‍ പാലക്കാടന്‍, ജയന് കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്, മുജീബ് ചങ്ങരംകുളം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.