മക്ക: ആയിരം മാസങ്ങളേക്കാൾ ഉത്തമരാവായ ലൈലത്തുൽ ഖദ്റിന്റെ പ്രതീക്ഷയിൽ പ്രാർഥനാനിർഭരമായി ഇരമ്പിയാർത്തു മക്കയിൽ ഭക്തജനസാഗരം. പ്രഭാതോദയം വരെ ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന പുണ്യങ്ങളുടെ വസന്തരാവും റമദാനിലെ അവസാന വെള്ളിയാഴ്ചയും ഒരുമിച്ചുവന്നപ്പോൾ മസ്ജിദുൽ ഹറാമിലേക്ക് ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയത് 25ലക്ഷത്തോളം വിശ്വാസികൾ. അല്ലാഹുവിന്റെ കൽപനപ്രകാരം ആകാശത്തുനിന്നും മാലാഖമാർ ഭൂമിയിൽ അവതരിക്കുന്ന ശ്രേഷ്ഠ രാത്രിയിലെ അനുഗ്രഹത്തിന്റെ യാമങ്ങളിൽ അണിചേർന്നവരുടെ വരികൾ ഹറം പള്ളിയുടെ പരിധിയും കഴിഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു. അവരുടെ മനസ്സും ശരീരവും പാപമോചനത്തിനായുള്ള പ്രാർഥനയിലലിഞ്ഞു.
ഫലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വേണ്ടിയുള്ള ഇമാം ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ കണ്ണീരണിഞ്ഞ പ്രാർഥനകൾ ലക്ഷക്കണക്കിന് ഹൃദയങ്ങൾ വിങ്ങലോടെ ഏറ്റുചൊല്ലി. ഗസ്സയിലേതടക്കം മുറിവേറ്റ മനുശ്യരാശിക്കായി മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു ഹറമിനെ പുൽകിനിന്ന രാക്കാറ്റുപോലും. വിശ്വാസത്തിന്റെ വഴികൾ കറകളഞ്ഞ ആരാധനയിലൂടെ ധന്യമാക്കിയതിന്റെ ആത്മസായൂജ്യം നേടിയാണ് സർവശക്തനിൽനിന്ന് കാരുണ്യവും അനുഗ്രഹവും പാപമോചനവും തേടിയുള്ള പ്രാർഥനകൾ അലയടിച്ച രാവിനോട് വിശ്വാസി സാഗരം വിട പറഞ്ഞത്.
ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തിൽ അതിരാവിലെ മുതൽ ആളുകളുടെ ഒഴുക്കിനെ ഉൾക്കൊള്ളാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഹറം പള്ളിയിലെ പ്രാർഥനയിടങ്ങൾ, പരിസര പ്രദേശങ്ങൾ, ഗേറ്റുകൾ, ഇടനാഴികൾ എല്ലാം കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു. ഖുർആൻ പാരായണത്താലും പ്രാർഥനകളാലും മക്ക നഗരം ഭക്തിസാന്ദ്രമായിരുന്നു. വിശ്വാസികൾ നേരം പുലരുവോളം ഹറമിലും പരിസരങ്ങളിലും പ്രാർഥനയിൽ മുഴുകി. മക്കയിലെ പാർക്കിങ് കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു. വിശ്വാസികളെ പള്ളിയിലെത്തിക്കാൻ കൂടുതൽ ബസ് സർവിസുകൾ ഏർപ്പെടുത്തി.
ഇരു ഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ്, റെഡ്ക്രസൻറ്, ആരോഗ്യ, മുനിസിപ്പാലിറ്റി വകുപ്പുകൾ എന്നിവക്ക് കീഴിൽ പതിവിലും കൂടുതൽ ആളുകളെ സേവനത്തിനായി നിയമിച്ചിരുന്നു. വിവിധ വകുപ്പുകളെ സഹായിക്കാൻ ഹറമിന്റെ പല ഭാഗങ്ങളിൽ സ്കൗട്ട് വിഭാഗത്തിലെയും മറ്റും വളൻറിയർമാരും രംഗത്തുണ്ടായിരുന്നു. അനുഗ്രഹീത രാത്രിയിൽ തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയത് കുറ്റമറ്റ നിലയിലായിരുന്നുവെന്ന് ട്രാഫിക് വകുപ്പിന്റെ ഔദ്യോഗിക വക്താവ് കേണൽ മൻസൂർ അൽ ശുക്ര ചൂണ്ടിക്കാട്ടി. 15000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരാണ് സേവന നിരതരായത്. റമദാനിലെ പാപമോചനത്തിന്റെ അവസാന നാളുകളും വിടവാങ്ങാനിരിക്കെ ഹറമിലെത്തിയ വിശ്വാസികളിൽ പലരും പ്രാർഥനകളുമായി മക്കയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
മദീന: ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് മസ്ജിദുന്നബവിയിലെത്തിയത് വൻ ജനക്കൂട്ടം. ഭക്തിസാന്ദ്രവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ നടന്ന ഇശാഅ്, തറാവീഹ് നമസ്കാരത്തിൽ സ്വദേശികളും താമസക്കാരും സന്ദർശകരുമായി ലക്ഷങ്ങൾ പങ്കാളികളായി.
വിശ്വാസികളെ കൊണ്ട് പ്രവാചക പള്ളിയുടെ അകവും പുറത്തെ മുറ്റങ്ങളും നേരത്തേതന്നെ നിറഞ്ഞിരുന്നു. ജുമുഅയും 27ാം രാവും ഒരുമിച്ച് വന്നതോടെ അഭൂതപൂർവമായ തിരക്കാണ് പള്ളിയിൽ അനുഭവപ്പെട്ടത്. വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി എല്ലാ ഒരുക്കവും മുൻകൂട്ടി പൂർത്തിയാക്കിയിരുന്നു. സന്ദർശകരുടെ സുരക്ഷിതത്വവും സൗകര്യവും നിലനിർത്താൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.മദീന വികസന അതോറിറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ഷട്ടിൽ ബസ് സർവിസുകൾ ഏർപ്പെടുത്തിയത് ആളുകൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.