ജിദ്ദ: സൗദി സമഗ്ര പരിവർത്തനപദ്ധതി 'വിഷൻ 2030'െൻറ ഭാഗമായ 'മനുഷ്യ ശേഷി വികസനപരിപാടി' കിരീടാവകാശിയും വികസന പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു.
ആവശ്യങ്ങൾ മുന്നിൽ കണ്ടും അവസരങ്ങൾ ഉപയോഗപ്പെടുത്തിയും പ്രാദേശികമായും ആഗോളതലത്തിലും ദേശീയ മനുഷ്യ വിഭവശേഷിയുടെ മത്സരക്ഷമത ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. മനുഷ്യശേഷി വികസന പ്രോഗ്രാം 'വിഷൻ 2030' ലക്ഷ്യം നേടുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണിത്. ലോക തൊഴിൽവിപണിയിലെ മത്സരാധിഷ്ടിത അന്തരീക്ഷത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ പൗരന്മാരെ തയാറാക്കുകയാണ് പരിപാടിയുടെ പ്രധാന ഊന്നൽ. ധാർമിക, മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആളുകളുടെ അടിസ്ഥാന കഴിവുകൾ പരിപോഷിപ്പിക്കാനാവും. ഓരോ പൗരെൻറയും കഴിവുകളിലുള്ള ആത്മവിശ്വാസം അയാളുടെ മൂലധനമാക്കി മാറ്റാൻ കുട്ടിക്കാലം മുതൽ ആരംഭിക്കുന്ന മനുഷ്യശേഷി വികസനത്തിലൂടെ സാധ്യമാകും. ഇതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാനാവും. സർവകലാശാലകൾ, കോളജുകൾ, സാങ്കേതിക - തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് കോഴ്സ് പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് പ്രവേശിക്കുന്ന ഉദ്യോഗാർഥിയെ തൊഴിൽ വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ പ്രാപ്തമാക്കുകയും വൈദഗ്ധ്യവും അറിവും കൈവശമുള്ള അഭിമാനിയായ പൗരനാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അന്തർലീനമായ വിവിധ തരം കഴിവുകൾ, ജ്ഞാനം, മാനുഷിക വിഭവശേഷി എന്നിവയെ അടിസ്ഥാനമാക്കി ഭദ്രമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഈ പരിപാടി വലിയ സംഭാവന നൽകുമെന്നാണ് കരുതുന്നതെന്നും കിരീടാവകാശി പറഞ്ഞു. വിഷൻ 2030െൻറ 16 തന്ത്രപരമായ ലക്ഷ്യങ്ങൾ നേടാൻ ലക്ഷ്യമിട്ടുള്ള 89 സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ അടിത്തറ വികസിപ്പിക്കുക, പ്രാദേശികമായും ആഗോളമായും ഭാവിയിലെ തൊഴിൽവിപണിക്ക് അനുയോജ്യമാക്കി തയാറെടുപ്പിക്കുക, ആജീവനാന്ത പഠനത്തിനുള്ള അവസരങ്ങൾ നൽകുക എന്നിവ പ്രോഗ്രാമിെൻറ പ്രധാന മൂന്ന് സ്തംഭങ്ങളാണ്.
കിൻറർഗാർട്ടനുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികൾക്ക് തൊഴിൽവിപണിയിലേക്ക് വേണ്ട തൊഴിലധിഷ്ഠിത മാർഗനിർദേശം നൽകുക, കൗൺസിലിങ് സംരംഭം ഒരുക്കുക, പൗരന്മാർക്ക് ആജീവനാന്ത പഠനാവസരങ്ങൾ നൽകുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമുള്ള സംരംഭങ്ങൾ ഏർപ്പെടുത്തുക എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.