യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷ നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ പരിശോധന തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ഒരാഴ്ചക്കിടെ 14,529 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8512 ഇഖാമ നിയമലംഘകരും 3959 അതിർത്തിസുരക്ഷാചട്ട ലംഘകരും 2058 തൊഴിൽനിയമലംഘകരുമാണെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 63 ശതമാനം യമനികളും 36 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 64 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. തൊഴിൽ-താമസനിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി.
ഇതുവരെ 34,067 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് നയതന്ത്ര ദൗത്യങ്ങളിലേക്കു മാറ്റുകയും നടപടികൾ എടുത്തുവരുകയുമാണ്. ഇവരിൽ 1854 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ മാറ്റുകയും 9494 പേരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.
ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമലംഘനം ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.