റിയാദ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത മഹാപാതകത്തിനാണ് ഇടതുമുന്നണി നേതൃത്വം നൽകുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആരോപിച്ചു. മതത്തിന്‍റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന അവസ്ഥയിലേക്ക് കേരളസമൂഹത്തെ കൊണ്ടുപോകുന്നു. ഇത്തരം മ്ലേച്ഛമായ വഴികൾ സ്വീകരിക്കാൻ ഒരു മടിയുമില്ലാത്തവരായി മാർക്സിസ്റ്റുകാർ മാറിയിരിക്കുന്നു.
രാഷ്ട്രീയമായി നേരിട്ടാലുണ്ടാകുന്ന ദയനീയ പരാജയം മുന്നിൽകണ്ടാണ് മറ്റു വഴികൾ തേടുന്നത്. സ്ഥാനാർഥി നിർണയംപോലും അത് സൂചിപ്പിക്കുന്നതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മുതിർന്ന നേതാക്കളോ യോഗ്യരായ പാർട്ടിക്കാരോ ഇല്ലാഞ്ഞിട്ടാണോ നേതാക്കൾക്ക് പോലും പേരറിയാത്ത ഒരാളെ നിർത്തിയതെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മനസ്സിൽ ഇപ്പോൾ ഒരു കാര്യം മാത്രമേയുള്ളൂ, കെ-റെയിലിന് ജപ്പാനിൽനിന്ന് പാസാക്കിവെച്ചിരിക്കുന്ന വായ്പ. തൃക്കാക്കരയിൽ പരാജയപ്പെട്ടാൽ കെ-റെയിലിന് കേരളത്തിന്‍റെ പൊതുജനവികാരം എതിരാണെന്ന് വ്യക്തമാകും.
അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് എല്ലാം. അദ്ദേഹം ഉൾെപ്പടെയുള്ള വലിയസംഘം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതിന്‍റെ ലക്ഷ്യവും അതാണ്. തൃക്കാക്കരയിലെ ഫലം പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലാകും. എല്ലാവരുടെയും വോട്ടുകൾ ഞങ്ങൾ സ്വീകരിക്കുമെന്നും വെൽഫെയർ പാർട്ടി യു.ഡി.എഫിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് ഉൾെപ്പടെയുള്ള വിഷയങ്ങൾ പരിശോധിച്ചാൽ ഇടതുപക്ഷത്തിന്‍റേത് മുസ്ലിം വിരുദ്ധ നിലപാടാണ്. എന്നാൽ ഞങ്ങളത് പ്രചാരണ ആയുധമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് എന്ന പരിപാടിയിൽ സംബന്ധിക്കാൻ റിയാദിലെത്തിയതായിരുന്നു അദ്ദേഹം.
വാർത്താസമ്മേളനത്തിൽ നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് ഉപ്പട, കബീർ വൈലത്തൂർ, ബാവ താനൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.