സൗദിയിൽ മൂന്നാമത്​ ഡിജിറ്റൽ ബാങ്കിന്​ അനുമതി; 'ഡി 360 ബാങ്ക്​ ' എന്ന പേരിലാണ്​ പുതിയ ഡിജിറ്റൽ ബാങ്ക്​

ജിദ്ദ: സൗദിയിൽ മൂന്നാമത്​ ഡിജിറ്റൽ ബാങ്കിന്​ അനുമതി. ഡി360 ബാങ്ക് എന്ന പേരിലുള്ള പ്രാദേശിക ഡിജിറ്റൽ ബാങ്കിനാണ്​ സൗദി മന്ത്രിസഭ​ ലൈസൻസ്​ നൽകാൻ തീരുമാനിച്ചിരിക്കുന്നത്​. മന്ത്രിസഭയുടെ തീരുമാനത്തിന്​ ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആനും സൗദി സെൻട്രൽ ബാങ്ക്​ ഗവർണർ ഡോ. ഫഹദ്​ ബിൻ അബ്​ദുൽ അൽമുബാറക്കും സർക്കാറിന്​ നന്ദി പറഞ്ഞു.

പൊതു നിക്ഷേപ ഫണ്ടിന്റെ പങ്കാളിത്തത്തോടെ ദിറായ ഫിനാൻഷ്യൽ കമ്പനിയുടെ നേതൃത്വത്തിൽ 1.65 ശതകോടി റിയാൽ മൂലധനത്തോടെയും നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിക്ഷേപത്തിലൂടെയുമാണ്​ പുതിയ ഡിജിറ്റൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്​. സാമ്പത്തിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാർ നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ്​ പുതിയ ബാങ്കിന്​ ലൈസൻസ്​ നൽകാനുള്ള തീരുമാനം.

പുതിയ സംഭവവികാസങ്ങൾക്ക്​ അനുസൃതമായി സൗദി സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിന് സൗദി സെൻട്രൽ ബാങ്കിന്റെ പ്രവർത്തനം തുടരുകയാണ്​. വിഷൻ 2020 പ്രോഗ്രാമുകളിലൊന്നായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാൻ ശ്രമിക്കുന്ന സാമ്പത്തിക മേഖലാ വികസനത്തിന്​ അനുസൃതമായാണിത്​. സ്വകാര്യ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക, പുതിയ കമ്പനികൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള വഴി തുറക്കുക എന്നിവയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

നേരത്തെ രാജ്യത്ത് ബാങ്കിങ്​ ബിസിനസ്സ് നടത്താൻ രണ്ട് പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്​. ഇത് പ്രാദേശിക ഡിജിറ്റൽ ബാങ്കിനുള്ള മൂന്നാമത്തെ ലൈസൻസാണ്. ഇതോടെ പതിനൊന്ന്​ പ്രാദേശിക ബാങ്കുകൾ, മൂന്ന്​ പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾ, വിദേശ ബാങ്കിന്റെ 21 ശാഖകൾ എന്നിവയുൾപ്പെടെ രാജ്യത്തെ ലൈസൻസുള്ള ബാങ്കുകളുടെ ആകെ എണ്ണം 35 എത്തി​.

Tags:    
News Summary - licence for third digital bank in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.