റിയാദ്: സൗദി അറേബ്യയിൽ വിനോദ സഞ്ചാരത്തിനുള്ള ബോട്ട് സർവിസ് നടത്തുന്ന ഏജൻസി കമ്പനികൾക്ക് ലൈസൻസ് നൽകിത്തുടങ്ങി. ആദ്യം ആറ് കമ്പനികൾക്കാണ് സൗദി ചെങ്കടൽ അതോറിറ്റി ലൈസൻസ് അനുവദിച്ചത്. ‘വിഷൻ 2030’ ചട്ടക്കൂട്ടിനുള്ളിൽ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടൽ മേഖലയെ മാറ്റി.
അവിടെ വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ലൈസൻസിങ് നടപടി തുടങ്ങിയത്. തദ്ദേശീയവും അന്തർദേശീയവുമായ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചത്.
ഫൈസൽ മൻസൂർ ഹാജി ആൻഡ് പാർട്ണേഴ്സ് കമ്പനി ലിമിറ്റഡ്, യൂസുഫ് ബിൻ അഹ്മദ് കാനൂ കമ്പനി ലിമിറ്റഡ്, ഹാസ്കോ ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്, ഹിൽ റോബിൻസൺ കമ്പനി, ജി.എൽ.എസ് യാച്ച്സ് കമ്പനി ലിമിറ്റഡ്, അറേബ്യൻ ഗൾഫ് ഷിപ്പിങ് കമ്പനി എന്നിവക്കാണ് ആദ്യഘട്ടം ലൈസൻസ് നൽകിയത്.
ടൂറിസ്റ്റ് മറീനകളിലും തുറമുഖങ്ങളിലും ബോട്ട് സർവിസ് പ്രവർത്തനങ്ങൾ സുഗമമാക്കൽ, ടൂറിസം ലോജിസ്റ്റിക് സേവനങ്ങൾ നിയന്ത്രിക്കൽ, കസ്റ്റംസ് നടപടിക്രമങ്ങളിൽ പിന്തുണ നൽകൽ എന്നിവയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബോട്ടുകൾക്കുള്ള ലൈസൻസുകൾ രാജ്യത്തിന്റെ തീരദേശ ടൂറിസത്തിന്റെ വികസനത്തിൽ ഗുണപരമായ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെങ്കടലിലെ വിനോദസഞ്ചാരികൾക്ക് ആഗോള വിനോദസഞ്ചാര കേന്ദ്രമായി അനുഭവപ്പെടുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യം. ഇതിനായി മറൈൻ ടൂറിസം പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നടപടികളാണ് അതോറിറ്റി നടപ്പാക്കുന്നത്.
സൗദിയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ആകർഷിക്കാനും അടിസ്ഥാന ആവശ്യകതകൾ നിർണയിക്കാനും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ എടുത്തുകാട്ടുന്നതാണ്. ‘വിഷൻ 2030’-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന തീരദേശ ടൂറിസം മേഖല കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.