ജിദ്ദ: കോഴിക്കോട് നിന്ന് സ്‌പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിലെത്തിയ യുവതിയുടെയും കുഞ്ഞിന്റെയും ലഗേജിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് പരാതി. മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാർ. ഈ മാസം 15ന് പുലർച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് എസ്.ജി 35 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.
രാവിലെ 8.40ന് ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്തു. രണ്ട് ട്രോളി ബാഗുകളും ഒരു കാർട്ടൻ ബോക്സുമായിരുന്നു ലഗേജ്. നമ്പർ ലോക്ക് ചെയ്ത് അയച്ച ഇരു ബാഗുകളുടെയും ലോക്ക് പൊട്ടിച്ച നിലയിലാണ് തിരിച്ചു കിട്ടിയത്. ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഉടൻ ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിൾ സ്മാർട്ട് വാച്ചും നഷ്ടമായി. സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ റിസ്‌വാനയുടെ ഭർത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തിൽ അനസ് സ്‌പൈസ് ജെറ്റ് വിമാനകമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രവാസികളുടെ വിമാനയാത്രയിൽ ലഗേജുകളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഇതിനെക്കുറിച്ച് വിമാനകമ്പനികളിൽ പരാതി നൽകിയാലും നടപടികളൊന്നും ഉണ്ടാവാറില്ലെന്നാണ് അനുഭവം.
വിമാനത്താവളങ്ങളിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നവരിൽ ചിലരെങ്കിലും പ്രവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നത് ഈ ആധുനിക സുരക്ഷാ സംവിധാനങ്ങൾക്കിടയിലും തുടരുന്നുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ അധികൃതർ കൈകൊള്ളണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.