ദമ്മാം: മുസ്ലീം ലീഗ് മാത്രമല്ല ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും രണ്ടാംനിര നേതാക്കൾക്ക് അവസരം നൽകാൻ തയ്യാറാവണമെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഫൈസൽ ബാബു. ഭരണമേഖലകളിൽ യുവനേതാക്കൾക്ക് പരിശീലനം നൽകാൻ ബോധപൂർവമുള്ള ശ്രമമുണ്ടാവണം. കെ.എം.സി.സിയുടെ തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ ദമ്മാമിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. പലപ്പോഴും ലോകസഭ സീറ്റുകൾ പാർട്ടിയിലെ മുതിർന്നവർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്.
ഇതിനു മാറ്റം വരണമെന്ന് യൂത്ത് ലീഗ് ശക്തമായി തന്നെ മാതൃസംഘടനയോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഗൗരവത്തോടെ പരിശോധിക്കുകയും മൂന്നിലൊന്നായി പരിഗണിക്കുകയും ചെയ്യാമെന്ന് ഏറ്റിരുന്നതാണ്. ലീഗിന് മൂന്നാം സീറ്റ് നൽകുന്നതിനുള്ള കോൺഗ്രസിന്റെ പരിമിതിയെ ദീർഘകാലമായുള്ള ഘടക കക്ഷിയെന്ന നിലയിൽ ലീഗ് പരിഗണിക്കുകയായിരുന്നു. മുന്നണിയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് പകരം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന തിരിച്ചറിവിലാണ് മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിൻവാങ്ങിയത്.
പുതിയ ആളുകളെ മുന്നോട്ടുകൊണ്ടുവരുന്നത് പരീക്ഷിച്ച് വിജയിച്ച പാർട്ടിയാണ് ലീഗ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രാവശ്യം മത്സരിച്ചവരൊക്കെ മാറിനിൽക്കണമെന്നുള്ളത് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനമായിരുന്നു. വലിയ സമ്മർദങ്ങൾ ഉണ്ടായിട്ടും അദ്ദേഹം അതിൽ ഉറച്ചുനിന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട 1200 ഓളം ലീഗ് സാരഥികളിൽ 975 പേരും പുതുമുഖങ്ങളായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഇനിയൊരു തെരഞ്ഞെടുപ്പ് വേണോയെന്ന് തീരുമാനിക്കുള്ള തെരഞ്ഞെടുപ്പാണിതെന്നതാണ്. യു.പി.എ സംവിധാനം പിരിച്ചുവിട്ട് ഇൻഡ്യ സഖ്യം നിലവിൽ വന്നതോടെ കൂടുതൽ ആവേശത്തിലും പ്രതീക്ഷയിലുമാണ് ജനങ്ങൾ. മറുകണ്ടം ചാടിയ നിധീഷിന്റെ ആളുകളെ നിരാശരാക്കി. ഇ.ഡിയെകാട്ടിപേടിപ്പിച്ച് ആളെക്കൂട്ടുന്ന തന്ത്രത്തിൽ അയാൾ വീണുപോവുകയായിരുന്നു. അതേസമയം മറ്റ് പാർട്ടികൾ പണ്ടെങ്ങുമില്ലാത്ത താൽപര്യത്തിൽ സഖ്യത്തിനോടൊപ്പം നിലകൊള്ളുന്നു എന്നതാണ് ഏറെ പ്രതീക്ഷ നൽകുന്നത്.
ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പി നടത്തുന്ന സർവശ്രമങ്ങളും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശ്ശസിന് കോട്ടം തട്ടിക്കും. പഴയ കാലമല്ല, എല്ലാം ലോകം കണ്ടുകൊണ്ടിരിക്കുന്നുവെന്നതിനാൽ അത്തരത്തിലുള്ള അജണ്ടകൾ അധികം വിലപ്പോവില്ലെന്നും ഫൈസൽ ബാബു പറഞ്ഞു. മോദിസർക്കാരിെൻറ വീഴ്ചകളെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണങ്ങളിൽ കാര്യമില്ല. എല്ലാം ഒറ്റ ക്ലിപ്പിൽ ലഭിക്കുന്ന കാലത്ത് യുവസമൂഹം അതിനെക്കുറിച്ച് കൃത്യമായി ബോധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.