റിയാദ്: നിലവിലുള്ള രണ്ടു ലോക്സഭ സീറ്റിൽ ഒന്ന് വിട്ടുകൊടുക്കേണ്ടിവന്നാലും മതേതര ഇന്ത്യ തിരിച്ചുപിടിക്കലാണ് ലീഗിന്റെ ലക്ഷ്യമെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്നു സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അങ്ങനെ ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.എൽ.എ. ലീഗിലാരും അങ്ങനെ ഒരു ആവശ്യമേ ഉന്നയിച്ചിട്ടില്ല. വളരെ സെൻസിറ്റിവായ ഈ കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവനകളിലും നിലപാടുകളിലും ജാഗ്രത അനിവാര്യമാണ്. എന്നാൽ, ആ രാഷ്ട്രീയ ജാഗ്രത സി.പി.എം നഷ്ടപ്പെടുത്തുന്നു. തട്ടം അഴിപ്പിച്ചത് ഞങ്ങളാണെന്ന് പ്രസംഗിക്കുന്ന സി.പി.എം നേതാവിന് അതുകൊണ്ടുണ്ടാകുന്ന ആഘാതം എന്താണെന്ന് അറിയാനുള്ള സാമാന്യ ബുദ്ധി ഇല്ലാതെ പോയി. സംഘ്പരിവാറിൽനിന്ന് സി.പി.എമ്മിലേക്കുള്ള ദൂരം കുറക്കുന്ന അനിൽകുമാറിനെപ്പോലുള്ളവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കണം. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സമയമാണിത്. തട്ടം ഇട്ടവരും ഇടാത്തവരും താടിവെച്ചവരും വെക്കാത്തവരും തൊപ്പി വെക്കുന്നവരും വെക്കാത്തവരും എല്ലാം ഒന്നിച്ചുനിൽക്കുന്ന സാമൂഹിക ഇടത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ സമയത്ത് മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചത് ഞങ്ങളാണെന്ന് പറയുന്നത് സി.പി.എമ്മിന്റെ മതവിരുദ്ധമായ പ്രത്യയശാസ്ത്രമാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. തട്ടമിടാത്ത എത്രയോ വനിതകൾ ലീഗിലുണ്ട്. പണ്ടുമുണ്ടായിരുന്നു. അവരെ തട്ടം അണിയിപ്പിക്കുന്ന പണിയല്ല മുസ്ലിം ലീഗിന്റേത്. അതേസമയം, തട്ടമിട്ട പെൺകുട്ടികളെ കേന്ദ്ര യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ പ്രാപ്തരാക്കിയതിൽ മുസ്ലിം ലീഗിന്റെ പങ്കിനെക്കുറിച്ച് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. മാത്യു കുഴൽനാടൻ ഒറ്റപ്പെട്ടിട്ടില്ല. യു.ഡി.എഫ് അദ്ദേഹത്തിന്റെ നിലപാടിനൊപ്പം ഉറച്ചുനിൽക്കുകയാണ്. എതിരെ പറയുന്നവരെ ഉന്മൂലനംചെയ്യുന്ന പതിവ് രാഷ്ട്രീയമാണ് സി.പി.എം മാത്യു കുഴൽനാടനെതിരെ സ്വീകരിക്കുന്നത്. ഈ രാഷ്ട്രീയം ഒറ്റക്കെട്ടായി മാത്യു കുഴൽനാടനൊപ്പം നിന്ന് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.