റിയാദ്: ലുലു ഹൈപർമാർക്കറ്റ് സൗദിയിൽ ബുധനാഴ്ച ആരംഭിച്ച ലോകഭക്ഷ്യമേളയിൽ (ഫുഡ് ഫെസ്റ്റിവൽ) മലയാളികൾക്കായി ഒരുക്കിയ പ്രത്യേക പരിപാടി റിയാദിൽ വെള്ളിയാഴ്ച നടക്കും.
ലുലുവും ഗൾഫ് മാധ്യമവും ചേർന്ന് നടത്തിയ പാചക മത്സരത്തിന്റെ മെഗാഫിനാലെയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ലോകപ്രശസ്ത ഷെഫ് സുരേഷ് പിള്ള പങ്കെടുക്കും. കലാ സാംസ്കാരിക പരിപാടികളോടൊപ്പം ഇൻസ്റ്റന്റ് ക്വിസും സമ്മാന വിതരണവും നടക്കും.
'ലുലു കിങ്ഡം ഷെഫി'ന്റെ അവസാന റൗണ്ടിലേക്ക് 15 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയുടെ മേൽനോട്ടത്തിൽ 75-ഓളം എൻട്രികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
മത്സ്യം കൊണ്ടുള്ള വിഭവങ്ങൾ തയാറാക്കി, അതിന്റെ പാചകക്കുറിപ്പ് ഓൺലൈനിൽ പരിശോധിച്ചാണ് ആദ്യ റൗണ്ടിലെ വിജയികളെ നിർണയിച്ചത്. വീട്ടമ്മമാരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തുവെന്നും മത്സരം ഏറെ ആവേശകരമായിരുന്നുവെന്നും ലുലു ഗ്രൂപ് സെൻട്രൽ പ്രൊവിൻസ് റീജനൽ ഡയറക്ടർ ഹാത്തിമും ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈനും പറഞ്ഞു.
രുചിയുടെ പുതിയ വസന്തങ്ങൾ തേടിയുള്ള റിയാദിന്റെ കാത്തിരിപ്പിന് വെള്ളിയാഴ്ച അറുതിയാകും. റിയാദ് മുറബ്ബയിലെ ലുലു മാളിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ഫൈനൽ മത്സരം നടക്കുക. സ്വാദൂറുന്ന മത്സ്യവിഭവങ്ങളിൽ തനി നാടൻ തൊട്ട് മറുനാടൻ ഇനങ്ങൾ വരെ അണിനിരക്കും. മലയാളി മങ്കമാർക്ക് പാരമ്പര്യമായി ലഭിച്ച കൈപ്പുണ്യവും അവർ ആർജിച്ചെടുത്ത രുചിവൈഭവങ്ങളും പരീക്ഷിക്കപ്പെടും. മാസ്റ്റർ ഷെഫ് സുരേഷ് പിള്ള അന്തിമ വിജയികളെ പ്രഖ്യാപിക്കും. റിയാദിലെ കുടുംബങ്ങൾക്കും ഭക്ഷണപ്രിയർക്കും ഏറെ പുതുമയുള്ളതായിരിക്കും ഈ ഭക്ഷ്യമേള.
വൈകീട്ട് ഏഴിനാണ് പരിപാടിക്ക് തുടക്കം കുറിക്കുക. ജിദ്ദയിൽ നടക്കുന്ന ഇവന്റ് ശനിയാഴ്ച അമീർ ഫവാസിലെ ലുലു ഹൈപർമാർക്കറ്റിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.