റിയാദ്: നൂറുകണക്കിന് പ്രേക്ഷകരുടെ മനസ്സും ഇഷ്ടവും കവർന്നെടുത്ത് ലോകപ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ തത്സമയ പാചകകല പ്രകടനം. ലുലു ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി റിയാദ് മുറബ്ബ ലുലു മാളിൽ 'ഗൾഫ് മാധ്യമ'വുമായി സഹകരിച്ചായിരുന്നു ഭക്ഷണപ്രിയർക്ക് ഹരം പകർന്ന ഈ കുക്കറി ഷോ. 'നിർവാണ മത്സ്യം' തേങ്ങാപ്പാലിൽ പാചകം ചെയ്യുന്ന സ്വാദിഷ്ടമായ പ്രത്യേക വിഭവമാണ് മാസ്റ്റർ ഷെഫ് പിള്ള കാണികൾക്കു മുന്നിൽ തയാറാക്കിയത്.
തിങ്ങിനിറഞ്ഞ സദസ്സ് രുചിച്ചുനോക്കി ഏകസ്വരത്തിൽ രുചിപ്പെരുമയുടെ മാഹാത്മ്യം ഹർഷാരവത്തോടെ സ്വീകരിച്ചു. പാചകവും അതിഥി സൽക്കാരവുമെല്ലാം നെഞ്ചേറ്റുന്നവർക്ക് പുതിയ അന്വേഷണങ്ങൾക്കുള്ള സർഗാത്മകമായ മറുപടികൂടിയായിരുന്നു നിർവാണ ഫിഷ് കൊണ്ടുള്ള ഈ വിഭവം. പ്രേക്ഷകർക്ക് തത്സമയം സംശയങ്ങൾ ചോദിക്കാനുള്ള അവസരം വീട്ടമ്മമാർ പ്രയോജനപ്പെടുത്തി. ലുലു 'ലോക ഭക്ഷ്യമേള'യുടെ ഭാഗമായി നടന്ന പാചക മത്സരത്തിൽ മലയാളികൾക്കായി നടന്ന അവസാന റൗണ്ട് മത്സരങ്ങളുടെ വിധിപ്രഖ്യാപനവും ചടങ്ങിൽ നടന്നു.
75ഓളം പേർ പങ്കെടുത്ത ആദ്യ റൗണ്ടിലെ 19 പേരാണ് ഫൈനൽ മത്സരത്തിനെത്തിയത്. കേരളത്തിന്റെ തെക്കും വടക്കുമുള്ള രുചി വൈവിധ്യങ്ങളും കടൽ കടന്നുള്ള യൂറോപ്യനും അറബികും പിന്നെ സ്വന്തം പരീക്ഷണങ്ങളുമെല്ലാം മലയാളി വീട്ടമ്മമാരായ മത്സരാർഥികൾ വേദിയിൽ അണിനിരത്തി. മത്സ്യ വിഭവങ്ങളായിരുന്നു മൂല്യനിർണയത്തിന് പരിഗണിച്ചത്. ഒന്നാംസമ്മാനം സഫാമക്ക പോളിക്ലിനിക്കിലെ ഡോ. രഹാന ഫവാസ്, രണ്ടും മൂന്നും സമ്മാനങ്ങൾ വീട്ടമ്മയായ ഷദാ ഫാത്തിമ, സ്റ്റാഫ് നഴ്സായ സുനിത ജോർജ് എന്നിവർ കരസ്ഥമാക്കി.
മത്സരാർഥികൾ മികച്ച നിലവാരം പുലർത്തിയെന്നും സ്വാദിഷ്ടമായ വിഭവങ്ങളും ആകർഷകമായ പ്രദർശനവുമാണ് ഒരുക്കിയതെന്നും വിധികർത്താവായ ഷെഫ് സുരേഷ് പിള്ള പറഞ്ഞു. വിജയികൾക്കുള്ള സമ്മാന വിതരണം ലുലു റീജനൽ ഡയറക്ടർ ഹാതിം, റീജനൽ മാനേജർ മോയിസ് നൂറുദ്ദീൻ, കമേഴ്സ്യൽ മാനേജർ ഷഫീഖ് റഹ്മാൻ എന്നിവർ നിർവഹിച്ചു. ഒന്നാം സ്ഥാനം നേടിയ ഡോ. രഹാന ഫവാസ്, ചുട്ടെടുത്ത ചെമ്പല്ലിയും പൊരിച്ച കണവയും തന്തൂരി ചെമ്മീനും പച്ചക്കറികളും ചേർത്ത ഒരു ലബനാൻ ഡിഷാണ് തയാറാക്കിയത്. ഷേരി എന്ന മത്സ്യംകൊണ്ടുള്ള 'പുൾ മി അപ്പാ'യിരുന്നു രണ്ടാം സ്ഥാനക്കാരിയായ ഷദ ഫാത്തിമ പരീക്ഷിച്ചത്. സാൽമൺ ഫിഷ് കൊണ്ടുള്ള ഒരു നോർവീജിയൻ വിഭവം കോട്ടയം ശൈലിയിൽ പാചകം ചെയ്താണ് സുനിത ജോർജ് മൂന്നാം സ്ഥാനം നേടിയത്.
ആദ്യമായാണ് ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കുന്നതെന്നും ആഹ്ലാദവും ഒപ്പം അമ്പരപ്പുമുണ്ടാക്കിയെന്നും മൂവരും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഭക്ഷ്യമേളക്ക് കൊഴുപ്പേകി കുട്ടികളുടെയും മുതിർന്നവരുടെയും കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. വൈദേഹി നൃത്തവിദ്യാലയം, കൈരളി ഡാൻസ് അക്കാദമി, എൻകോർ ഡാൻസ് ഗ്രൂപ്, ടീം മലർവാടി എന്നിവർ അവതരിപ്പിച്ച വ്യത്യസ്ത നൃത്തപരിപാടികൾ, ഫിഗർഷോ ഫെയിം നസീബ് കലാഭവന്റെ മിമിക്സ് പരിപാടി എന്നിവ അരങ്ങേറി.
ലുലു സ്റ്റാഫ് അംഗം നിഥിൻ ബഹനാൻ, കൃഷ്ണകുമാർ, സജീർ, സാജർ, മഹേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ലുലു മുറബ്ബ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരും ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളായ സലീം മാഹി, ഹിലാൽ ഹുസൈൻ, അഷ്റഫ് കൊടിഞ്ഞി, റിഷാദ് എളമരം, സാബിറ ലബീബ്, നസീറ റഫീഖ്, റുഖ്സാന ഇർഷാദ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. റയ്യാൻ മൂസ, ഡോ. മീര എന്നിവർ അവതാരകരായിരു
ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.