സൗദി - ബ്രസീല്‍ വാണിജ്യബന്ധം വിപുലമാക്കുന്നതില്‍ ലുലു ഗ്രൂപ്പ്​ കരാർ

റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് ലുലു മേധാവികളും ബ്രസീൽ സാരഥികളും സുപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണാപത്രത്തില്‍(എം.ഒ.യു) ഒപ്പുവെച്ചത്. ബ്രസീലിയന്‍ ഉല്‍പന്നങ്ങളുടെ സൗദി വിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാലലക്ഷ്യം യാഥാര്‍ഥ്യമാകുന്നതിന് ലുലു സൗദി ഔട്ട്‌ലെറ്റ് ശൃംഖലകള്‍ പ്രയോജനപ്പെടുത്താനാകും. അപെക്‌സ് ബ്രസില്‍ പ്രസിഡന്റ് ജോര്‍ജ് നെയ് വിയാന മാസിഡോ നെവസ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഉഭയകക്ഷി പ്രതിനിധികള്‍ ഒപ്പിട്ടത്.

കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ബ്രസീലിയന്‍ സഹകരണം ഉറപ്പ് വരുത്തുന്ന സന്ദര്‍ശനത്തില്‍ അരി, ചോളം, സോയാ ബീന്‍, കരിമ്പ്, പൊട്ടാറ്റോ, ധാന്യം, തക്കാളി, തണ്ണിമത്തന്‍, ഉള്ളി തുടങ്ങിയ വിഭവങ്ങള്‍ക്കു പുറമേ പ്രസിദ്ധമായ ബ്രസീലിയന്‍ ബീഫ്, ചിക്കന്‍, ആട്ടിറച്ചി എന്നിവയുടെ വിപണിയും സൗദിയില്‍ വിപുലമാക്കുന്നതിന് ലുലു സഹകരണം ഉറപ്പുവരുത്തുന്നതാണ് പുതിയ കരാര്‍.

ഉപഭോക്താക്കള്‍ക്കിടയില്‍ യശസ്സ് നേടിയിട്ടുള്ള ബ്രസീലിയന്‍ മാംസ- പച്ചക്കറി- പഴം ഉല്‍പന്നങ്ങളുടെ വിപണി കണ്ടെത്തുന്ന ലുലു സംരംഭം പ്രശംസനീയമാണെന്ന്​ സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് അഭിപ്രായപ്പെട്ടു. സഹകരണം വിപുലമാക്കുന്നതിനും വലുതാക്കുന്നതിനും ബ്രസീലിയന്‍ ഉല്‍പന്നങ്ങള്‍ സൗദി മാര്‍ക്കറ്റ് കീഴടക്കുന്നതിനുള്ള മെച്ചപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി, ഫുഡ് ടെക്‌നോളജി എന്നിവ ഉപയോഗിച്ച് പുതിയൊരു ഉപഭോക്തൃസംസ്‌കാരം രൂപപ്പെടുത്തുന്നതിനും വരുംമാസങ്ങളില്‍ ലുലു പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അധികൃതരുടെ സഹകരണവും ഒപ്പം ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് ലുലു കണ്ടെത്തിയ വൻ വിപണിയും ലുലുവിന് അഭിമാനകരമാണെന്നും ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Lulu Group agreement to expand Saudi-Brazil trade relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.