ജിദ്ദ: സൗദിയിലെ കര, അതിർത്തി സേന വിഭാഗമായ സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാർക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രത്യേകം വിലക്കിഴിവ് കാമ്പയിൻ ആരംഭിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി സർക്കാർ ആരംഭിച്ച 'വാജിബ്' പ്രോഗ്രാമിനെ പിന്തുണച്ചുകൊണ്ടാണ് ഇത്തരം ആനുകൂല്യം നൽകുന്നതെന്നും ലുലുവിെൻറ സൗദിയിലുള്ള എല്ലാ ശാഖകളിലും മന്ത്രാലയ ജീവനക്കാർക്ക് ഇൗ വിലക്കിഴിവ് ആനുകൂല്യം ലഭിക്കുമെന്നും ലുലു ഗ്രൂപ് മാനേജ്‌മെൻറ് അറിയിച്ചു. സൗദി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ ജീവനക്കാരോടുള്ള തങ്ങളുടെ അഭിമാനവും വിലമതിപ്പും പ്രതിഫലിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾക്ക് വിശിഷ്ട സേവനം നൽകാനുള്ള തങ്ങളുടെ താൽപ്പര്യവുമാണ് ഇത്തരത്തിൽ പ്രത്യേക കിഴിവുകൾ നൽകാൻ പ്രചോദനമായതെന്ന് ലുലു ഗ്രൂപ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു.
മന്ത്രാലയ ജീവനക്കാർക്ക് എല്ലാ ലുലു ശാഖകളിലും പ്രത്യേക ചെക്ക് ഔട്ട് കൗണ്ടറുകളും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാർക്കായി ലുലു ഗ്രൂപ് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതിനെ മന്ത്രാലയ വക്താവ് ലഫ്റ്റനന്‍റ് കേണൽ മുഹമ്മദ് അൽഉമരി പ്രശംസിച്ചു. ലുലു ഗ്രൂപ് സൗദിയിൽ ഇതിനകം തന്നെ പ്രത്യേക സ്ഥാനം സ്ഥാപിച്ചതായും സാമൂഹിക ഉത്തരവാദിത്ത മേഖലയിലും കമ്യൂണിറ്റി സേവനങ്ങളിലും മറ്റ് വിവിധ സംരംഭങ്ങളുമായി ലുലു ഗ്രൂപ് നൽകുന്ന സേവനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.
സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാരെ പ്രത്യേകം പരിഗണിക്കുന്നതിൽ ലുലു ഗ്രൂപ് വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് ഹുഫൂഫ് കിങ് അബ്ദുല്ല റെസിഡൻഷ്യൽ സിറ്റിയിലെ നാഷനൽ ഗാർഡ് ജീവനക്കാരുടെ കാമ്പസിൽ അടുത്തിടെ ലുലു ഗ്രൂപ്പിെൻറ ആധുനിക രീതിയിലുള്ള ആറ് ശാഖകൾ ആരംഭിച്ചതെന്നും അൽഉമരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.