ത്വാഇഫിൽ ആരംഭിക്കുന്ന ലുലു ഹൈപർമാർക്കറ്റിനായി ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫ് അലി, മനാസിൽ അൽഖോബറ റിയൽ എസ്റ്റേറ്റ് എൽ.എൽ.സി സി.ഇ.ഒ. തമർ അൽഖുറാഷിയുമായി കരാർ ഒപ്പിട്ടപ്പോൾ

ത്വാഇഫിൽ 5.1​ കോടി റിയാൽ മുതൽമുടക്കിൽ ലുലു ഹൈപർമാർക്കറ്റ്

റിയാദ്​: സൗദി അറേബ്യയിൽ വ്യാപാര ശൃംഖലയുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ത്വാഇഫിൽ 5.1 കോടി റിയാൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്പ്​. ത്വാഇഫ്​ സിറ്റി വാക്ക്​ മാളിൽ ലുലു ഹൈപർമാർക്കറ്റ്​ ആരംഭിക്കാനുള്ള സംരംഭത്തിനായി ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫ് അലി, മനാസിൽ അൽഖോബറ റിയൽ എസ്റ്റേറ്റ് എൽ.എൽ.സി സി.ഇ.ഒ. തമർ അൽഖുറാഷിയുമായി കരാർ ഒപ്പിട്ടു. മക്കയിലാണ്​ കരാർ ഒപ്പിടൽ ചടങ്ങ്​ നടന്നത്​.

രണ്ട്​ നിലകളിലായി 21,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ്​ സ്റ്റോർ സജ്ജീകരിക്കുന്നത്​. ത്വാഇഫ്​ നിവാസികൾക്ക്​ ലുലു റീട്ടെയിൽ ശൃംഖലയുടെ ലോകോത്തര ഷോപ്പിങ്​ അനുഭവമാണ്​ പ്രദാനം ചെയ്യാനാരുങ്ങുന്നത്​. 2023 ജനുവരിയിൽ ഹൈപർമാർക്കറ്റ്​ പ്രവർത്തനം ആരംഭിക്കും. സൗദി പൗരന്മാർക്ക് ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. മക്ക പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ത്വാഇഫ് അപൂർവ പ്രകൃതിഭംഗിയാലും സുഖശീതളിമയാലും അനു​​ഗ്രഹീതമായ വളരെ ഉയരത്തിലുള്ള പ്രദേശമാണ്​. റോസാപ്പൂക്കൾ ധാരാളമായി പൂത്തുമലരുന്ന ഇവിടം സൗദിയുടെ അനൗദ്യോഗിക വേനൽക്കാല തലസ്ഥാനവുമാണ്.

ഹജ്, ഉംറ തീർഥാടകർക്ക് ഇഹ്‌റാം കെട്ടുന്നതിനുള്ള പ്രധാന മീഖാത്തുകളിലൊന്ന്​ സ്ഥിതി ചെയ്യുന്ന ത്വാഇഫ്​ മക്ക പുണ്യനഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നുമാണ്​. മതപരമായ ടൂറിസം ഭൂപടത്തിലും ത്വഇഫിന്‍റെ പ്രാധാന്യം ഇത് അടിവരയിടുന്നുണ്ട്​. സൗദിയിൽ പുത്തനുണർവ്​ സൃഷ്ടിക്കുന്ന പുതിയ ബിസിനസ്​ നയത്തെ സ്വാഗതം ചെയ്ത ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫ് അലി ഇത് രാജ്യത്തിന്​ പുതിയ സാമ്പത്തിക ഊർജം പകരുന്നുണ്ടെന്നും വ്യക്തമാക്കി. സൗദി ഭരണനേതൃത്വത്തിന്‍റെ കാഴ്ചപ്പാടിനും രാജ്യത്തിന്‍റെ വളർച്ചയ്ക്കും അനുസൃതമായ കാഴ്ചപ്പാടോടെയാണ്​ ലുലുവും മുന്നേറ്റം തുടരുന്നതെന്നും രാജ്യത്തെ രണ്ടും മൂന്നും നിര പട്ടണങ്ങളിലേക്കും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള മേഖലകളിലേക്കും​ റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ത്വാഇഫ്​ സിറ്റി വാക്ക്​ മാളിലൊരുങ്ങൂന്ന ലുലു ഹൈപർമാർക്കറ്റ്​ നഗരത്തിന് ആരോഗ്യകരവും ലോകോത്തരവുമായ ഷോപ്പിങ്​ അനുഭവം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾക്കും സാമ്പത്തിക വികസനത്തിനും വലിയ പ്രോത്സാഹനം നൽകുന്ന സൽമാൻ രാജാവിനും, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഭരണകൂടത്തിനും നന്ദി അറിയിക്കുന്നു. സൗദിയിൽ 26 ലുലു ഹൈപ്പർമാർക്കറ്റുകളും എക്‌സ്‌പ്രസ് സ്റ്റോറുകളുമാണുള്ളത്​. രാജ്യത്തുടനീളമുള്ള വിവിധ ഹൈപർമാർക്കറ്റുകളിലായി നിലവിൽ ഗ്രൂപ്പിന്​ കീഴിൽ 1,100 സ്ത്രീകൾ ഉൾപ്പെടെ 3,000 സൗദി പൗരന്മാർ ജോലി ചെയ്യുന്നതായും എം.എ. യൂസഫ് അലി കൂട്ടിച്ചേർത്തു.

Tags:    
News Summary - Lulu Hypermarket with an investment of 5 crore riyals in Taif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.