ദമ്മാം: ലുലു ഗ്രൂപ്പിന്‍റെ സൗദിയിലെ 26-ാമത്തെ ഷോറൂം കിഴക്കൻ പ്രവിശ്യയിലെ അൽ-റയ്യാൻ ഡിസ്ട്രിക്റ്റിൽ പ്രവർത്തനം ആരംഭിച്ചു. ഉത്മാൻ ബിൻ അഫാൻ റോഡിന് സമീപം വ്യവസായ പ്രമുഖരും സൗദി അരാംകോ ജീവനക്കാരും തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി, സ്വദേശികളും വിദേശികളുമടങ്ങുന്ന പൗരപ്രമുഖർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് 12.30-ന് കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ബാദർ സുലൈമാൻ അൽ-റസീസ ഉദ്ഘാടനം നിർവഹിച്ചു.
നിരവധി വിദേശരാജ്യങ്ങൾ ഉൾപ്പടെ പരന്നു കിടക്കുന്ന ലുലു ഗ്രൂപ്പിന്‍റെ 224-ാമത്തെ ശാഖയാണ് ഇത്. ഉപഭോക്താക്കൾക്ക് തങ്ങളൂടെ ഇഷ്ട ഉൽപന്നങ്ങൾ കൃത്യമായി തെരഞ്ഞടുക്കാനും ഷോപ്പിങ് ആസ്വദിക്കാനും കഴിയുന്ന തരത്തിൽ അത്യാധുനികവും വിശാലവുമായ സംവിധാനങ്ങളാണ് പുതിയ ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ, സൂപർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗ്രോസറി, ബി.എൽ.എസ്.എച്ച് ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ, ലുലു കണക്റ്റ്, ഡിജിറ്റൽ, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉള്ള ഇലക്ട്രോണിക്‌സ് വിപണി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയിൽ കൂടുതൽ ഷോറൂമുകൾ തുറക്കാൻ സാധിക്കുന്നത് തങ്ങൾക്ക് ഏറെ സന്തോഷം പകരുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. നവ ഊർജവും നുതന കാഴ്ചപ്പാടും കൊണ്ട് ഊർജസ്വലമായ ഒരു വിപണിയെയാണ് സൗദി പ്രതിനിധീകരിക്കുന്നത്. ഇത് ലുലുവിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുടർന്ന് ലുലുവും പുതിയ മേഖലകൾ തുറക്കുകയാണ്. വിപുലമായ ഓർഗാനിക് ഫുഡ്‌സ് കൗണ്ടർ, വർണാഭമായതും പോഷകഗുണമുള്ളതുമായ സാലഡ് ബാർ, ഹെൽത്ത് ആൻഡ് ഡയറ്റ് ഫുഡ്, ലുലുവിന്‍റെ ഇൻ-ഹൗസ് ഷെഫുകൾ നിർമിച്ച അത്ഭുതകരമായ ലോകവിഭവങ്ങൾ - ഫ്രഷ് സുഷി മുതൽ ബിരിയാണി വരെ, ആഹ്ലാദകരമായ മഞ്ചികൾ എന്നിവയാൽ ഏറ്റവും പുതിയ ട്രെൻഡുകൾ ലുലുവിന്‍റെ മാത്രം പ്രത്യേകതയാണ്. എല്ലാ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നു എന്നതാണ് ലുലുവിന്‍റെ സാക്ഷാൽക്കാരമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. നിരവധി ആകർഷകമായ പാക്കേജുകളും വിലക്കുറവും ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.