മദീന: മൂന്നാമത് മദീന അന്താരാഷ്ട്ര പുസ്തക മേള ജൂലൈ 30 മുതൽ ആഗസ്റ്റ് അഞ്ച് വരെ നടക്കുമെന്ന് സൗദി സാഹിത്യ- പ്രസിദ്ധീകരണ- വിവർത്തന കമീഷൻ അറിയിച്ചു. 300ലധികം പ്രസാധനാലയങ്ങളുടെ പങ്കാളിത്തത്തോടെ 200ലധികം പവിലിയനുകളിലായി അറബ്, അന്തർദേശീയ പ്രസിദ്ധീകരണാലയങ്ങളുടെ സഹകരണത്തോടെയാണ് മേള ഒരുക്കുന്നത്.
രാജ്യത്തെ സാംസ്കാരിക മേഖലക്ക് മഹത്തായ സംഭാവനകൾ നൽകാൻ പര്യാപ്തമാകുന്ന പുസ്തകമേളയിൽ വിവിധ സാംസ്കാരിക സാഹിത്യ പരിപാടികളും സംഘടിപ്പിക്കുമെന്നും കമീഷൻ സി.ഇ.ഒ മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു.
മദീനയുടെ സാംസ്കാരിക പ്രാധാന്യവും സാഹിത്യമേഖലയിലുള്ള മുന്നേറ്റവും പ്രസിദ്ധീകരണരംഗത്തുള്ള രാജ്യത്തിന്റെ വർധിച്ചുവരുന്ന പുരോഗതിയും അടയാളപ്പെടുത്താൻ മേള വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദീനയിൽ കഴിഞ്ഞ രണ്ടു പുസ്തകമേളകളും വൻ സ്വീകാര്യത പിടിച്ചുപറ്റിയിരുന്നു.
ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന മേള ഒരു വാർഷിക പരിപാടിയായി ഇപ്പോൾ മാറിയിരിക്കുന്നു. മുൻ മേളകളിലെ ശ്രദ്ധേയമായ വിജയങ്ങളെ അടിസ്ഥാനമാക്കി എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് സമ്പന്നവും സംയോജിതവുമായ ഏറ്റവും പുതിയ വൈജ്ഞാനികാനുഭവം പ്രദാനം ചെയ്യാനുള്ള എല്ലാവിധ ഒരുക്കങ്ങളും കമീഷൻ പൂർത്തിയാക്കിവരികയാണ്.
സൗദിയിലെ എഴുത്തുകാരുടെയും സ്രഷ്ടാക്കളുടെയും കഴിവുകൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം വായനയിൽ താൽപര്യം കാണിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക വേദിയാണ് മദീന പുസ്തകമേള ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സാംസ്കാരിക മേഖലയെയും വൈജ്ഞാനിക വികാസത്തെയും സമ്പന്നമാക്കുന്നതിനും വായനാസംസ്കാരം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാംസ്കാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ മേളയിൽ അവതരിപ്പിക്കും. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസപരവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും പരിശീലന പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.