മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കു കീഴിൽ മദീന വഴി എത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് തുടരുകയാണ്.
509 വിമാനങ്ങളിലായി 1,22,393 ഇന്ത്യൻ തീർഥാടകർ ഇതിനകം ഹജ്ജിനായി പുണ്യഭൂമിയിലെത്തി. ഇവരിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 28 ഹാജിമാർ വിവിധ കാരണങ്ങളാൽ മദീനയിലും മക്കയിലുമായി നിര്യാതരായി. മരിച്ചവരിൽ ആറു പേർ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയവരാണ്. മദീനയിൽ രോഗികളായ മൂന്നു ഹാജിമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരെ ഹജ്ജിനോടടുത്ത ദിവസങ്ങളിൽ മക്കയിലെത്തിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ കേരളത്തിൽനിന്നുള്ള അവസാന ഹജ്ജ് വിമാനം കണ്ണൂരിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് ജിദ്ദയിലെത്തും. മലയാളി ഹാജിമാരുടെ മദീന സന്ദർശനം ഹജ്ജിനു ശേഷമാണ് ക്രമീകരിച്ചിട്ടുള്ളത്. ആണുങ്ങൾ ഒപ്പമില്ലാത്ത (നോൺ മഹ്റം) വിഭാഗത്തിൽപെട്ട മുഴുവൻ ഹാജിമാരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഹജ്ജിനു ശേഷമുള്ള മദീന സന്ദർശനം ജൂലൈ നാലു മുതൽ ആരംഭിക്കും. ജിദ്ദ വിമാനത്താവളം വഴി എത്തിയവരായിരിക്കും ഹജ്ജ് കർമങ്ങൾക്കുശേഷം മദീന സന്ദർശിക്കുക. ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാർക്കുള്ള ബലി കൂപ്പണുകൾ വിതരണം ആരംഭിച്ചു.
നാട്ടിൽനിന്ന് ബലിയറുക്കുന്നതിനുള്ള പണം അടച്ചവർക്കാണ് ബലി കൂപ്പൺ (അദാഹി കാർഡ്) ലഭിക്കുക. ഇത് നാട്ടിൽനിന്ന് ഹജ്ജ് വളന്റിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) എത്തിയവരും മറ്റു വളന്റിയർമാരുമാണ് വിതരണം ചെയ്യുക. ഇന്ത്യയിൽ നിന്നുള്ള 80,000ത്തോളം തീർഥാടകർക്ക് ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനാവും. ബാക്കി വരുന്ന ഹാജിമാർ ബസുകളിലായിരിക്കും ഹജ്ജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.