ജുബൈൽ: ജുബൈലിലെ സാമൂഹിക പ്രവർത്തകനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയുമായ ഉമർ സഖാഫി മൂർക്കനാടും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബുവും ചേർന്ന് രചിച്ച ‘മഹാമാരിയുടെ മാരകദിനങ്ങൾ’ കോവിഡ് പ്രതിരോധത്തിന്റെ ഓർമകൾ എന്ന പുസ്തകം പുറത്തിറക്കി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ നിയമസഭ മന്ദിരത്തിൽ കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു.
കോവിഡ് പ്രതിരോധ മേഖലയിൽ ഇരുവർക്കുമുണ്ടായ നീറുന്ന അനുഭവങ്ങൾക്കു പുറമെ മറ്റുചിലരുടെയും അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. കോവിഡ്കാലം എങ്ങനെയാണ് മനുഷ്യസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളത്തിെൻറ മികച്ച പ്രകടനം പലരുടെയും അനുഭവത്തിലൂടെ വിവരിക്കുന്നുണ്ട്. സങ്കീർണമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരുടെ അതിജീവനകഥകളും വായിക്കാനാകും. ഡൽഹിയിൽ പ്രാണവായു ലഭിക്കാതെ ജീവൻ പൊലിഞ്ഞുപോകുന്നതിന് ദൃക്സാക്ഷിയായ മിസ്സി കൗഷിക് തെൻറ കരൾനുറുങ്ങുന്ന അനുഭവത്തിലൂടെ ഡൽഹിയിൽ നേരിട്ട ഓക്സിജൻ ക്ഷാമത്തിന്റെ കാരണം വിവരിക്കുന്നുണ്ട്.
പ്ലാസ്മ ചികിത്സ നൽകാൻ പ്ലാസ്മ യൂനിറ്റിനുവേണ്ടി കേരളത്തിൽ ബന്ധപ്പെട്ട അനുഭവവും അവർ പറയുന്നു. കേരളത്തിലെ കോവിഡ് സൗജന്യ ചികിത്സയുടെ പ്രാധാന്യം വിവരിക്കുന്ന അനുഭവങ്ങളും പുസ്തകത്തിലുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാറിന്റെയും ആരോഗ്യസംവിധാനത്തിന്റെയും ഇടപെടൽ കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്. കോഴിക്കോട് പൂങ്കാവനം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഐ.സി.എഫ് സൗദി നാഷനൽ വിദ്യാഭ്യാസ പ്രസിഡൻറ് കൂടിയാണ് ഉമർ സഖാഫി മൂർക്കനാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.