അറഫയിൽനിന്ന്​ മടങ്ങിയ തീർഥാടകർ ഞായറാഴ്​ച രാവിലെ ജംറയിൽ കല്ലേറ്​ കർമം നിർവഹിക്കാൻ നീങ്ങുന്നു​

ഹജ്ജിന്‍റെ​ പ്രധാന ചടങ്ങുകൾ അവസാനിച്ചു

മക്ക: ജീവിതത്തിലെ പൈശാചികതകൾക്ക് എതിരെ പ്രതീകാത്മകമായി കല്ലെറിഞ്ഞ് ഹാജിമാർ ഹജ്ജി​െൻറ പ്രധാന ചടങ്ങുകൾക്ക് വിരാമം കുറിച്ചു. ജംറതുൽ അകബ സ്തൂപത്തിന്​ നേരെ ഏഴു ചെറുകല്ലുകൾ എറിഞ്ഞ്​ തലമുണ്ഡനം ചെയ്താണ് ഹജ്ജി​െൻറ വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവായത്. ശനിയാഴ്ച സൂര്യാസ്​തമയത്തോടെ അറഫയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ഹാജിമാർ മുസ്​ദലിഫയിൽ രാപ്പാർത്ത ശേഷം ഞായറാഴ്​ച പുലർച്ചെ ജംറയിലെത്തി കല്ലേറ്​ കർമം ആ​രംഭിച്ചു.

അഞ്ചു നിലകളിലുള്ള ജംറ സമുച്ചയത്തിൽ ഒരുമണിക്കൂറിൽ മൂന്ന്​ ലക്ഷം പേർക്ക് ഒരുമിച്ച്​ കല്ലേറ് നിർവഹിക്കാനുള്ള സൗകര്യമുണ്ട്. ഈ സമുച്ചയത്തിലേക്ക്​ 11 പ്രവേശന കവാടവും 12 പുറത്തേക്കു പോകാനുള്ള കവാടങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ സൗകര്യങ്ങൾ വേഗത്തിൽ കല്ലേറുകർമം പൂർത്തിയാകാൻ ഹാജിമാരെ സഹായിക്കുന്നുണ്ട്. മകനെ ബലിനൽകുന്നതിൽനിന്ന്​ പ്രവാചകൻ ഇബ്രാഹിമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ഇത് തിന്മക്കെതിരെയുള്ള പ്രതീകാത്മക കല്ലേറായാണ് കരുതപ്പെടുന്നത്. ഇതിലൂടെ ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കി പുതിയ മനുഷ്യനായി മാറണം, ഇതാണ് ഓരോ തീർഥാടക​െൻറയും തേട്ടം. 

 

ഹജ്ജ് അവസാനിച്ച്​ മടങ്ങുമ്പോൾ അപ്പോൾ പിറന്ന കുഞ്ഞിനെ പോലെ നിഷ്​കളങ്കതയും പരിശുദ്ധിയുമുള്ള മനുഷ്യനാവും എന്നാണ് ഇസ്​ലാമിക അധ്യാപനം. ഹജ്ജി​െൻറ പ്രധാന ലക്ഷ്യവും ഇത് തന്നെ. ബലിപെരുന്നാൾ ദിവസമായ ഞായറാഴ്​ച (ദുൽഹജ്ജ് 10) തീർഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയതായിരുന്നു. ശനിയാഴ്​ച വൈകീട്ട്​ അറഫയിൽ നിന്ന് പിന്തിരിഞ്ഞ ഹാജിമാർ രാത്രി മുസ്​ദലിഫയിൽ വിശ്രമിച്ചു. അവിടെനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെയാണ്​ ജംറ.

ബസ്, മെട്രോ ട്രെയിൻ (മശാഇർ റെയിൽവേ) എന്നിവ വഴിയാണ്​ മക്ക ഹറമിനും മിനക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ജംറ സ്തൂപത്തിലേക്ക്​ തീർഥാടകർ എത്തിയത്​. അവിടെ കല്ലെറിഞ്ഞ്​, ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളെ അനുധാവനം ചെയ്ത് മൃഗബലിയറുത്ത് മുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ശുഭ വസ്ത്രങ്ങളിൽ (ഇഹ്റാം) നിന്നും ഒഴിവാകാം. ഹജ്ജിന്​ അർധവിരാമമാകും. പിന്നീട് കഅ്ബ പ്രദക്ഷിണം (ത്വവാഫ്​), സഫ മർവ കുന്നുകൾക്കിടയിലുള്ള പ്രയാണം (സഅ്​യ്​) കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിക്കും. 

 

ഇത്രയും പൂർത്തിയാക്കിയ ഹാജിമാർ മിനായിലേക്ക് മടങ്ങി ഇനി മൂന്നു നാൾ അവിടത്തെ തമ്പുകളിൽ കഴിഞ്ഞുകൂടും. ദുൽഹജ്ജ് 11, 12, 13 തിയതികളിൽ ജംറയിൽ തുടർന്നും കല്ലെറിയുന്നതോടെ ഹജ്ജിന് പൂർണമായും പര്യവസാനമാകും. ഇത്തവണ കത്തുന്ന ചൂടിലാണ് ഹാജിമാർ ചടങ്ങുകൾ പൂർത്തിയാക്കുന്നത്. സൂര്യാതപമേറ്റ്​ നിരവധി തീർഥാടകർ വഴിയിൽ വീണു. ഇവരെ ഹജ്ജ് സ്ഥലങ്ങളിലെ വിവിധ ആശുപതികളിലേക്ക്​ മാറ്റി. നിരവധി പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

മിനായിൽ കൃത്രിമ മഴയൊരുക്കിയും റോഡുകൾക്ക്​ പ്രത്യേക നിറം നൽകിയും ചൂടിനെ പ്രതിരോധിക്കുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത്​ വളരെ ആശ്വാസം നൽകി. കത്തുന്ന വേനലി​െൻറ ആഘാതം കുറയ്​ക്കാൻ സഹായിച്ചു. അന്തരീക്ഷത്തിൽ വെള്ളം സ്​പ്രേ ചെയ്​താണ്​ മഴയുടെ അനുഭവമൊരുക്കുന്നത്​. 

 

മറ്റ്​ തീർഥാടകരോടൊപ്പം ഇന്ത്യയിൽനിന്നുള്ള ഒന്നേമുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽനിന്ന്​ മടങ്ങി കല്ലേറ് കർമം പൂർത്തിയാക്കി മിനാ തമ്പുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയ ഹാജിമാരെ നയിക്കുന്നത് 700 വളൻറിയർമാരാണ്. ഇവർ ഈ ആവശ്യത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട് നാട്ടിൽ നിന്നെത്തിയതാണ്.

Tags:    
News Summary - main ceremonies of Hajj are over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.