ദമ്മാം: ഏവരും ഇഷ്ടപ്പെടുന്നവിധം പാട്ടുകൾക്ക് ലളിതമായി ഈണമൊരുക്കുക ഏറെ പ്രയാസകരമാണെന്ന് പ്രമുഖ സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. ദമ്മാം കൾചറൽ ഫോറം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ പഠിച്ച സംഗീതം ഉപയോഗിച്ച് എത്ര സങ്കീർണമായ ഈണവും ഒരു നിമിഷംകൊണ്ട് ചെയ്യാൻ പറ്റും. എന്നാൽ, എല്ലാവരും പാടിനടക്കാൻ സാധ്യതയുള്ള ലളിതമായ ഒരു ഈണമൊരുക്കുക വളരെ ക്ലേശകരമാണ്.
അങ്ങനെയൊന്ന് സൃഷ്ടിക്കപ്പെട്ടാൽ അത് കാലാനുവർത്തിയായി നിലനിൽക്കും. ഞാൻ ഇപ്പോൾ നിങ്ങളെക്കൊണ്ട് ഒരു പാട്ടു പാടിക്കാം എന്നു പറഞ്ഞ അദ്ദേഹം ഒരു ഗാനത്തിന്റെ ഈരടികൾ മൂളിയപ്പോഴേക്കും ‘കല്ലായി കടവത്ത്’ എന്ന് സദസ്സ് ഏറ്റുപറഞ്ഞു. ഈ ഗാനം നമ്മൾ ഇപ്പോഴും പാടി നടക്കുന്നത് അതിന്റെ സംഗീതത്തിലും വരികളിലും ലാളിത്യം ഉള്ളതുകൊണ്ടാണ്. അതുപോലെയാണ് സാഹിത്യത്തിലും. രചന ലളിതമാക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് അദ്ദേഹം ദമ്മാമിൽ പ്രവാസിയായ എഴുത്തുകാരി സോഫിയ ഷാജഹാന്റെ ‘ഒറ്റമുറി(വ്)’, ‘മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം’ എന്നീ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്തു. സോഫിയയുടെ കൃതികളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ലാളിത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിനക്ക് നനയാൻ കരുതിയതാണീ കുട. മഴക്കു മുമ്പേ നീ പോകുമെന്നോർക്കാതെ...’ എന്നാണ് സോഫിയയുടെ കവിതയിലെ ഒരു വരി. പ്രണയവും വിരഹവും ഒക്കെ വളരെ ഉദാത്തമായാണ് കോറിയിട്ടിരിക്കുന്നത്. ഏതു കലയിലാണെങ്കിലും ലാളിത്യമാണ് കാലഘട്ടത്തിനുമപ്പുറം സൃഷ്ടികളെ നിലനിർത്തുന്നത്.
നിങ്ങൾ എവിടെയാണെങ്കിലും പ്രണയിച്ചുകൊണ്ടേയിരിക്കുക. പ്രണയം എന്നത് ഒരാളോടു തോന്നുന്ന ഇഷ്ടം മാത്രമല്ല. ഭൂമിയോട്, ആകാശത്തോട്, പൂക്കളോട്, ജീവിതത്തോട് ഒക്കെയുള്ള പ്രണയം. അനുഭവങ്ങളാണ് നമുക്ക് അറിവ് പകർന്നുതരുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സോഫിയയുടെ കവിതകളുടെ മറ്റൊരു പ്രത്യേകത, അവ ജീവിതാനുഭവങ്ങളുടെ പ്രകാശനങ്ങളായതാണ്. പുതിയ അറിവുകൾ നമ്മൾ കാണാത്ത പ്രണയത്തിന്റെ പല ബോധ, അബോധ തലങ്ങളിലും നമ്മെ എത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. പ്രദീപ് കൊട്ടിയം പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഇറാം സി.ഇ. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. പ്രദീപ് പുത്തൂറ്റ, ജോളി ലോനപ്പൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് അഫ്നാസ്, മുഹമ്മദ് കുട്ടി കോടൂർ, കെ.എം. ബഷീർ, ബഷീർ വരോട്, ഇ.കെ. സലിം, ജമാൽ വില്യാപ്പിള്ളി, മമ്മു മാസ്റ്റർ, ഖാദർ ചെങ്ങള എന്നിവർ സംസാരിച്ചു. സോഫിയ ഷാജഹാൻ മറുപടിപ്രസംഗം നടത്തി. മാലിക് മക്ബൂൽ സ്വാഗതവും റഹ്മാൻ കരയാട് നന്ദിയും പറഞ്ഞു. ഡോ. അജി വർഗീസ് അവതാരകനായിരുന്നു. നൃത്തവും ഗാനാലാപനവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.