ജിദ്ദ: മക്കയിലെ പൊതുഗതാഗത പദ്ധതിക്കു കീഴിലെ ബസ് സർവിസ് നവംബർ ഒന്നിന് തുടങ്ങും. ഒന്നര വർഷമായി തുടർന്ന പരീക്ഷണ ഓട്ടം അവസാനിച്ചു. മക്ക നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ ബന്ധിപ്പിച്ച് 12 റൂട്ടുകളിലായി 400 ബസുകൾ സർവിസ് നടത്തും. വിവിധ ഭാഗങ്ങളിലായി 438 ബസ് സ്റ്റോപ്പുകളുണ്ടാവും. 800 ഡ്രൈവർമാരുണ്ടാവും. യാത്രക്കാർക്ക് നാല് റിയാലായിരിക്കും ടിക്കറ്റ് നിരക്ക്.
മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും ഗതാഗത സേവനം ഒരുക്കുന്നതിൽ ‘മക്ക ബസ്’ പദ്ധതിയുടെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നതായി മക്ക-മശാഇർ റോയൽ കമീഷൻ അറിയിച്ചു. 10 കോടി യാത്രക്കാരെ ഒന്നരവർഷത്തെ പരീക്ഷണ ഓട്ടത്തിനിടയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനായി. വേഗമേറിയ ബസുകൾ, തിരക്ക് കുറഞ്ഞതും സ്ഥിരമായതുമായ തെരുവുകൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് ഇരിപ്പിടങ്ങൾ, പരിസ്ഥിതി-മനുഷ്യസൗഹൃദപരമായ ബസുകൾ, മക്കയിലെ എല്ലാ ബലദിയ ഏരിയകളിലൂടെയും സർവിസ് എന്നിവ പദ്ധതി വിജയകരമാകാനും ജീവിതനിലവാരം ഉയർത്താനും സഹായിച്ചു. പൊതുഗതാഗത മേഖലയിലെ ആഗോള വൈദഗ്ധ്യം സ്വദേശിവത്കരിക്കാനായി. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ ബസ് പദ്ധതി വലിയ സംഭാവന നൽകി. രാജ്യത്തിലെ യുവതീയുവാക്കൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ നൽകാനും വൈവിധ്യമാർന്ന, സമ്പന്നമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അവസരമൊരുക്കിയതായും റോയൽ കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.