ജിദ്ദ: ഈ വർഷത്തെ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാനും ഹജ്ജ് സുഗമമായി നടത്താനും മക്ക മുനിസിപ്പാലിറ്റി അധികൃതർ ഒരുക്കം സജീവമാക്കി. തീർഥാടകർക്കാവശ്യമായ മികവുറ്റ സേവനങ്ങൾ വർധിപ്പിക്കുന്നതിന് 22,000 തൊഴിലാളികളെ നിയമിക്കുന്നതുൾപ്പെടെ മുനിസിപ്പാലിറ്റി അധികൃതർ വേണ്ട നടപടികൾ പൂർത്തിയാക്കിവരുന്നു.
ഏറ്റവും ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകുന്നതിനാവശ്യമായ എല്ലാവിധ ആസൂത്രണങ്ങളുമാണ് അധികൃതർ തകൃതിയായി പൂർത്തിയാക്കിവരുന്നത്. സുരക്ഷാസേന, സ്കൗട്ട് വിഭാഗം, താൽക്കാലിക ആരോഗ്യ നിരീക്ഷകർ, ആവശ്യമായ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള വിദഗ്ധർ, സന്നദ്ധ സേവകർ എന്നിവ ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി വാക്താവ് ഉസാമ സൈതുനി അറിയിച്ചു. സർക്കാറിന്റെ വിവിധ സന്നദ്ധ വിഭാഗങ്ങളുടെ പിന്തുണയോടെ മനുഷ്യ സാധ്യമായ എല്ലാ മെക്കാനിക്കൽ ശേഷിയും ഹജ്ജ് സേവനത്തിനായി സമാഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മക്ക മുനിസിപ്പാലിറ്റി പരിധിയിലുള്ള വിവിധ ഇടങ്ങൾ, 13 ഉപ മുനിസിപ്പാലിറ്റികളുടെ പ്രദേശങ്ങൾ, മക്കയിലെ മറ്റുള്ള 28 കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ സേവകരെ വിന്യസിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ എല്ലാവിധ യന്ത്രസാമഗ്രികളും പരിശീലനങ്ങളും നൽകാൻ വേണ്ട ഒരുക്കങ്ങൾ ഇതിനകം പൂർത്തിയാക്കിയതായും മുനിസിപ്പാലിറ്റി വക്താവ് കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽനിന്ന് തീർഥാടകരുടെ വരവ് മക്കയിലും മദീനയിലും കഴിഞ്ഞ ദിവസങ്ങളിലും വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. നൈജീരിയയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘത്തെ ശനിയാഴ്ച ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്വീകരിച്ചു. ഇറാനിൽനിന്നുള്ള ഹജ്ജ് തീർഥാടകരുമായി മറ്റൊരു വിമാനം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങി.
വിമാനത്താവളങ്ങളിലും കര, അതിർത്തികളിലും തുറമുഖങ്ങളിലും ഹജ്ജ് വേളയിൽ തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഡയറക്ടറേറ്റ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുറമുഖങ്ങളിൽ അത്യാധുനിക ഉപകരണങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ, തീർഥാടകരുടെ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിന് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഇതിനകം പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.
ജിദ്ദ: വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ കരുതിയിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഹജ്ജ് ഉംറ മന്ത്രാലയം ഇക്കാര്യം ഉണർത്തിയത്. അംഗീകൃത പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ ഹജ്ജ് കർമങ്ങൾ നടത്തുന്നതിന് ബുക്കിങ് നടത്താവൂവെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു.
പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നത് നിയമലംഘനമാണ്. ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെയും ‘നുസ്ക്’ ആപ്ലിക്കേഷനിലൂടെയും സൗദി അറേബ്യയിൽനിന്ന് ഹജ്ജ് കർമങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ് നടത്താനാകും. സന്ദർശക, വിനോദസഞ്ചാരം, ട്രാൻസിറ്റ് വിസകളുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.