റിയാദ്/മലപ്പുറം: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല വല്ലാഞ്ചിറക്ക് മലപ്പുറം ഡി.സി.സി ആസ്ഥാനത്ത് സ്വീകരണം നൽകി. എ.പി. അനിൽകുമാർ എം.എൽ.എ ഷാളണിയിച്ചു സ്വീകരിച്ചു. കെ.എസ്.യു മുൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറുമായിരുന്ന അബ്ദുല്ല വല്ലാഞ്ചിറക്ക് റിയാദ് ഒ.ഐ.സി.സിയെ ശക്തമായി മുന്നോട്ട് നയിക്കാൻ സാധിക്കുമെന്ന് അനിൽകുമാർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.പി. ഫിറോസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, മുഹ്സിൻ, മലപ്പുറം ബ്ലോക്ക് പ്രസിഡൻറ് ഇസഹാഖ് ആനക്കയം, മലപ്പുറം നിയോജക മണ്ഡലം പ്രസിഡൻറ് ഖാദർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിഖിസ് എന്നിവർ പങ്കെടുത്തു.
സ്കൂൾ, കോളജ് രാഷ്ട്രീയത്തിൽ തുടങ്ങി പ്രവാസ േലാകത്തെ കോൺഗ്രസ് പോഷക സംഘടനയുടെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നിെൻറ തലപ്പത്ത് വരെ എത്തിയ അബ്ദുല്ല വല്ലാഞ്ചിറയുടെ യോഗ്യത സംഭവബഹുലവും സുദീർഘവുമായ രാഷ്ട്രീയ പാരമ്പര്യമാണ്. നിലമ്പൂർ ഗവൺമെൻറ് മാനവേദൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കെ.എസ്.യുവിൽ സജീവമാകുന്നത്. മമ്പാട് എം.ഇ.എസ് കോളജിൽ യൂനിറ്റ് സെക്രട്ടറിയായി. ഇതേ സമയം നാട്ടിൽ കോൺഗ്രസ് പ്രവർത്തനങ്ങളിലും സജീവമായി. കോളജിൽ കെ.എസ്.യു യൂനിറ്റ് ജനറൽ സെക്രട്ടറിയായി. മാത്സ് അസോസിയേഷൻ സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ തുടങ്ങിയ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു ഏറനാട് താലൂക്ക് കൗൺസിലർ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു. പിന്നീട് നിലമ്പൂർ ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡൻറായി. നിലമ്പൂർ മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗവുമായി.
രാഷ്ട്രീയത്തോടൊപ്പം സ്പോർട്സിലും സജീവമായിരുന്നു. മമ്പാട് കോളജിൽ അഞ്ചു വർഷവും ക്രിക്കറ്റ് ടീം അംഗമായി. ഷട്ടിൽ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യനായിരുന്നു. മലപ്പുറം ജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ടീം അംഗവുമായിരുന്നു. സൗദിയിൽ പ്രവാസിയായ ശേഷം നിലമ്പൂർ പ്രവാസി സംഘടന സ്ഥാപിച്ച് 12 വർഷം അതിെൻറ നേതൃത്വം വഹിച്ചു. സ്പാൻ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ച് അതിെൻറ പ്രസിഡൻറായി. റിയാദിൽ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോർക’ രൂപത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചു. മുഖ്യധാര സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറം നേതൃത്വത്തിലും പ്രവർത്തിച്ചു. ജനറൽ കൺവീനറായി. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സ്ഥാപകാംഗവും മുഖ്യ രക്ഷാധികാരിയുമാണ്. റിയാദിലെ പല തട്ടുകളിൽ നിന്നിരുന്ന കോൺഗ്രസ് സംഘടനകളെ ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. എം.ഇ.എസ് മമ്പാട് കോളജ് അലുമിനി റിയാദ് ചാപ്റ്റർ പ്രസിഡൻറുമായിട്ടുണ്ട്. 2010 മുതൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടയിലാണ് ഇേപ്പാൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.