നാട്ടിലേക്ക്​ പോകും മുമ്പ്​ മണി തന്നെ രക്ഷപ്പെടുത്തിയ സാമൂഹികപ്രവർത്തകരോടൊപ്പം

ട്രാവൽ ഏജൻറിന്റെ വഞ്ചനയിൽ മരുഭൂമിയിലകപ്പെട്ട തമിഴ്​ യുവാവിന്​​ മലയാളികൾ തുണയായി

റിയാദ്​: ട്രാവൽ ഏജൻറിന്റെ വഞ്ചനക്കിരയായി സൗദി മരുഭൂമിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ്​ യുവാവിനെ​ മലയാളി സാമൂഹികപ്രവർത്തകർ രക്ഷപ്പെടു​ത്തി. റിയാദിൽനിന്ന്​ 550 കിലോമീറ്ററകലെ അജ്​ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്​. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂരി​െൻറ നേതൃത്വത്തിൽ ​ഒരു പറ്റം മനുഷ്യ സ്​നേഹികൾ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ്​ യുവാവിന്​ രക്ഷയായത്​.

മരുഭൂമിയിലെ ഇടയജീവിതത്തിൽനിന്ന്​ മോചിപ്പിക്കാനെത്തിയ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂർ മണിയോട്​ വിവരങ്ങൾ ചോദിച്ചറിയുന്നു

ഇങ്ങനെയൊരാൾ ദുരിതത്തിലാണെന്ന്​ അറിഞ്ഞെങ്കിലും എവിടെയാണെന്ന്​ കണ്ടെത്താൻ കഴിയാതെ ആദ്യം സാമൂഹികപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടു. മണിയുടെ അമ്മാവനെയും കൂട്ടി കെ.എം.സി.സി പ്രവർത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന്​ കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു സുഡാനി ഇടയന്റെ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്നയാളായി മണിയെ കണ്ടെത്തുകയായിരുന്നു.

മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച്​ അന്വേഷിച്ച്​ നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടുകയായിരുന്നു. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന്​ അറിഞ്ഞ്​ താമസസ്ഥലത്ത്​ ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിഞ്ഞു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്ത് നിന്ന് തുറക്കാനാവില്ലെന്നായി. തൊഴിലുടമ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്‌പോൺസറുടെ അനുമതിയില്ലാതെ മണിയെ കൂട്ടികൊണ്ടു വന്നാൽ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാൽ പൊലീസിൽ റിപ്പോർട്ട് ചെയ്ത ശേഷം മുന്നോട്ട്​ പോകാമെന്ന്​ അവർ തീരുമാനിച്ചു.

​അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിലെത്തി വിവരം അറിയിച്ചു. രണ്ട്​ പൊലീസുദ്യോഗസ്ഥർ അവരോടൊപ്പം സ്ഥലത്തെത്തി. മാനസികമായി വല്ലാത്ത അവസ്ഥയിലായിരുന്നു മണി. രക്ഷപ്പെടുത്തി കൊണ്ടുപോയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്​ അയാൾ പറഞ്ഞു. തൊഴിലുടമയുമായി മണിയുടെ അസുഖവിവരങ്ങൾ അവർ സംസാരിച്ചു. മണി ഹൃദ്രോഗിയും അപസ്മാര രോഗിയുമാണത്രെ. അമ്മയും രോഗിയായതിനാൽ ചികിത്സക്കുള്ള പണം കണ്ടെത്താനാണ് സൗദിയിലെത്തിയത്. ഹൗസ് ഡ്രൈവർ വിസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ്​ വിശ്വസിപ്പിച്ചാണ്​ ട്രാവൽ ഏജൻറ്​ ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേക്ക്​ കയറ്റിവിട്ടത്​. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവർത്തകരോടൊപ്പം വിടാൻ തയ്യാറായി.

പിറ്റെദിവസം റിയാദിലെത്തി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്തു. ശേഷം റിയാദിൽ തൊഴിലുടമയെ നേരിൽ കണ്ട് വിവരങ്ങൾ സംസാരിച്ചു. ഏജൻറാണ്​ ചതിച്ചതെന്ന്​ സ്​പോൺസർ പറഞ്ഞു. മരുഭൂമിയിൽ ഇടയ ജോലിയാണെന്ന്​ രേഖകളും ഒട്ടകക്കൂട്ടങ്ങളുടെ ചിത്രങ്ങളും സഹിതം ബോംബെയിലെ ട്രാവൽ ഏജൻറിനെ ബോധ്യപ്പെടുത്തിയാണ്​ ആളെ റിക്രൂട്ട്​ ചെയ്യാൻ വിസ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യമെല്ലാം മറച്ചുവെച്ച്​ ജോലി ഹൗസ്​ ഡ്രൈവറുടേതാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ്​ വിശ്വസിപ്പിച്ച്​ മണിയെ ഏജൻറ്​ ചതിക്കുകയായിരുന്നു.

ഒടുവിൽ പാസ്​പോർട്ടും ഫൈനൽ എക്സിറ്റും തൊഴിലുടമ കൈമാറി. മരുഭൂമിയിലെ നരകയാതനയിൽനിന്ന്​ രക്ഷപ്പെട്ട ആശ്വാസവുമായി മണി നാട്ടിലെത്തി. അൽഗാത്ത്​ കെ.എം.സി.സി പ്രസിഡൻറ്​ ഹുസൈൻ, സക്കീർ, നിസാർ, ഹാഇൽ കെ.എം.സി.സി ​വൈസ്​ ​പ്രസിഡൻറ്​ കരീം തുവ്വൂർ, സൗദി പൗരൻ അബു മുഹമ്മദ്​, ജംഷീറി​െൻറ നേതൃത്വത്തിലുള്ള ഉനൈസ കെ.എം.സി.സി പ്രവർത്തകർ, മണിയുടെ സുഹൃത്തുക്കളായ മനു, സജി, മറ്റൊരു സാമൂഹികപ്രവർത്തകൻ സുരേഷ്​ പാലക്കാട്​ തുടങ്ങിയവരാണ്​ പല ഘട്ടങ്ങളിലായി ഈ രക്ഷാപ്രവർത്തനത്തിൽ സിദ്ദീഖ്​ തുവ്വൂരിനൊപ്പം രംഗത്തുണ്ടായിരുന്നത്​.

Tags:    
News Summary - Malayalees Extend a Helping Hand to Young Tamil Man Trapped in Desert Due to Travel Agent Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.