ദമ്മാം: സൗദി മലയാളി സമാജം പുസ്തക ചർച്ച സംഘടിപ്പിച്ചു. മലയാളസാഹിത്യത്തിലെ അഞ്ച് ശാഖകളിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചു പുസ്തകങ്ങളാണ് അവതരിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരൻ സുരാസുവിന്റെ ‘വിശ്വരൂപം’ നാടകം ജേക്കബ് ഉതുപ്പ് അവതരിപ്പിച്ചു.
സമൂഹം പണിതുവെച്ച കപട സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ച് ജീവിതസത്യങ്ങൾ വിളിച്ചുപറഞ്ഞ നാടകം സാമൂഹത്തിന്റെ തനത് ചിന്തകളോട് കലഹിക്കുന്നതായിരുന്നു. നാടകത്തിനൊപ്പം എഴുത്തുകാരനെക്കുറിച്ചും ആ കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ‘ശക്തിവേൽ’ നോവൽ ഡോ. സിന്ധു ബിനു അവതരിപ്പിച്ചു. ബുക്കർ സമ്മാനത്തിന്റെ അവസാന ലിസ്റ്റിൽ ഇടംപിടിച്ച എഴുത്തുകാരന്റെ നോവൽ വഴികളെക്കുറിച്ചും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ട ശക്തിവേലിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളും സിന്ധു തന്മയത്വത്തോടെ അവതരിപ്പിച്ചു.
ആത്മകഥ വിഭാഗത്തിൽ, വിഖ്യാത ഗസൽ ഗായകൻ ഉമ്പായിയുടെ ആത്മകഥ ‘രാഗം ഭൈരവി’ ഷനീബ് അബൂബക്കർ അവതരിപ്പിച്ചു. ഗായകനാകാൻ കൊതിച്ചുനടന്ന ഉമ്പായിയുടെ കഥനവഴികൾ ഹൃദ്യതയോടെ പകരാൻ ഷനീബിന് കഴിഞ്ഞു.
പ്രശസ്ത കവി എ. അയ്യപ്പന്റെ തെരഞ്ഞെടുത്ത കവിതകൾ മുഷാൽ തഞ്ചേരി അവതരിപ്പിച്ചു. പ്രണയത്തെ ഇത്രയേറെ തീവ്രതയോടെ പറഞ്ഞ കവി പക്ഷേ അതിന്റെ ഓരങ്ങളിൽ കാത്തുനിൽക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ദുരിത ജീവിതാനുഭവങ്ങൾ പാകപ്പെടുത്തിയ കവി പൊള്ളുന്ന വാക്കുകൾകൊണ്ട് കവിത സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതവും കവിതയും വിശദീകരിച്ച് മുഷാൽ പറഞ്ഞു.
എഴുത്തുകാരൻ സക്കറിയയുടെ ‘നബിയുടെ നാട്ടിൽ’ യാത്രാവിവരണ പുസ്തകം മുഹ്സിൻ ആറ്റാശ്ശേരി അവതരിപ്പിച്ചു. വർഷങ്ങൾക്കുമുമ്പ് നടത്തിയ സൗദി സന്ദർശനത്തിനുശേഷമാണ് അദ്ദേഹം ഈ പുസ്തകമെഴുതിയത്. സൗദിയുടെ അറിയപ്പെടാത്ത ചരിത്രവഴികൾ പുസ്തകത്തിൽ വിവരിച്ചത് മുഹ്സ്സിൽ അവതരിപ്പിച്ചു.
സാജിദ് ആറാട്ടുപുഴ പുസ്തകാവതരണത്തെ അവലോകനം ചെയ്ത് സംസാരിച്ചു. മാലിക് മഖ്ബൂൽ, നൗഷാദ് മുത്തലിഫ്, ഹമീദ് വടകര, എ.കെ. നവാസ്, മാത്തുക്കുട്ടി പള്ളിപ്പാട്, നജ്മുന്നിസ വെങ്കിട്ട, ഡോ. അമിത ബഷീർ, ബൈജു കുട്ടനാട് എന്നിവർ സംസാരിച്ചു. കമറുദ്ദീൻ കവിതയും അസ്ഹർ ഗസലും അവതരിപ്പിച്ചു. ബിനു കെ. കുഞ്ഞ് അവതാരകനായിരുന്നു. ഷാജു അഞ്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.