സൗദി ഫാൽക്കൺ മേളയിൽ ശ്രദ്ധേയനായി മലയാളി ജന്തുശാസ്ത്രജ്ഞൻ

റിയാദ്: അറേബ്യൻ പാരമ്പര്യവേഷം ധരിച്ച് അറബി ഭാഷാവഴക്കത്തോടെ വേട്ടപ്പക്ഷിയെ കുറിച്ച് ക്ലാസെടുത്ത് മലയാളി ജന്തുശാസ്ത്രജ്ഞൻ. റിയാദിൽ ആരംഭിച്ച ഇൻറർനാഷനൽ സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന്റെ രണ്ടാം പതിപ്പിൽ ശ്രദ്ധേയസാന്നിദ്ധ്യമാവുകയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. സുബൈർ മേടമ്മൽ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ സൗദി ഫാൽക്കൺസ് ക്ലബ് അദ്ദേഹത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്ക് കത്തെഴുതി ക്ഷണിച്ചുവരുത്തിയതാണ്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രം കോഓഡി​നേറ്റർ കൂടിയാണ് ഡോ. സുബൈർ.

റിയാദിൽനിന്ന് 74 കിലോമീറ്ററകലെ മൽഹമിൽ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് വ്യാഴാഴ്ചയാണ് മേള ആരംഭിച്ചത്. സെപ്തംബർ മൂന്നുവരെ 10 ദിവസം നീളുന്ന മേളയിൽ എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് ശിൽപശാലയും മുഖാമുഖം പരിപാടിയും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വേണ്ടിയാണ് ശിൽപശാല. ഫാൽക്കണുകളും അവയുടെ പരിപാലനവും സംബന്ധിച്ച് സൗദി യുവതലമുറയിൽ അവബോധം വളർത്താനുള്ള ഈ പരിശീലനപരിപാടിയുടെ ഭാഗമായി 'ഇൻട്രാക്ടീവ് ഫാൽക്കൺ സോണി'ൽ സന്ദർശകർക്കായി മുഖാമുഖം പരിപാടിയും അദ്ദേഹം നയിക്കുന്നു. സൗദികളുടെ പാരമ്പര്യവേഷം ധരിച്ച് അറബി ഭാഷയിലെ ക്ലാസും പ്രഭാഷണവും മേളയിലെത്തുന്ന മുഴുവനാളുകളെയും ആകർഷിച്ചുതുടങ്ങിയിട്ടുണ്ട്. സൗദി ഗവൺമെന്റ് ആറുമാസത്തെ വിസയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ഫാൽക്കൺ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഏക ഏഷ്യക്കാരൻ എന്ന നിലയിൽ സൗദിയിൽ ലഭിച്ച ഈ അവസരം ഒരു അംഗീകാരമായാണ് അദ്ദേഹം കാണുന്നത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൽക്കണുകളെ ഉപയോഗിച്ച് വേട്ടയാടുന്നതും വളർത്തുന്നതും സൗദിയിലാണ്. ലോകത്തെ പ്രാപ്പിടിയൻ പ്രണയിതാക്കളിൽ പകുതിയിലേറെപേരും സൗദിയിലാണ്. കഴിഞ്ഞവർഷം മുതൽ ആരംഭിച്ച സൗദി ഫാൽക്കൺ മേള ഇത്തരത്തിലെ ലോകത്തെ ഏറ്റവും വലിയ മേളയായി മാറിക്കഴിഞ്ഞു. പക്ഷികളുടെ ലേലം, സൗന്ദര്യ മത്സരം, പറക്കൽ മത്സരം, വേട്ട മത്സരം, ഈ വിഷയത്തിലെ കോൺഫറൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ഈ മേളയിലാണ് ലോകത്ത് ഏറ്റവും വലിയ വിലക്ക് പക്ഷികളുടെ വിൽപന നടക്കുന്നതും. അത്തരത്തിലൊരു മേളയുടെ രണ്ടാം പതിപ്പിൽ തന്നെ പ​ങ്കെടുക്കാൻ കഴിയുന്നത് തനിക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗത്തിനും അഭിമാനം നൽകുന്നതാണെന്നും ഡോ. സുബൈർ മേടമ്മൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

ഇരുപത്തേഴാണ്ടായി പ്രാപ്പിടിയന്റെ ലോകത്ത്

റിയാദ്: മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ. സുബൈർ മേടമ്മൽ 27 വർഷമായി പ്രാപ്പിടിയൻ പക്ഷിയുടെ ലോകത്താണ്. അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ട വേട്ടപക്ഷിയായ പ്രാപ്പിടിയനോടുള്ള ഇഷ്ടംപെരുത്ത് വളവന്നൂർ ബാഫഖി യത്തീംഖാന ഹയർസെക്കൻഡറി ജീവശാസ്ത്ര അധ്യാപകനായിരിക്കെ അഞ്ചുവർഷത്തെ വേതന-സർവിസ് രഹിത അവധിയെടുത്താണ് ഗവേഷണം നടത്തിയത്. ഏഴ് രാജ്യങ്ങളിൽ അലഞ്ഞാണ് ഗവേഷണ പഠനങ്ങൾ പൂർത്തീകരിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഡാറ്റ ശേഖരണത്തിന് പുറമെ ജർമനയിൽനിന്ന് ഫാൽക്കണുകളുടെ കൃത്രിമ പ്രജനനത്തിൽ പ്രത്യേക പരിശീലനവും നേടി 2003ൽ ഗവേഷണം പൂർത്തിയാക്കി.

2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. തൊട്ടുടനെ അവിടെ ജന്തുശാസ്ത്ര വിഭാഗത്തിൽ റിസർച്ച് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 2010ൽ അന്നത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിൻ സായെദ് അൽനഹ്‍യാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഫാൽക്കണുകളെ നോക്കാനായി അബൂദാബിയിലെത്തി. അതിനിടയിൽ ദേശീയ പെട്രോളിയം കമ്പനിയായ 'അഡ്നോക്കി'ൽ പരിസ്ഥിതി ശാസ്ത്രജ്ഞനായി പദവിയുയർന്നു. ഉയർന്ന ശമ്പളത്തിൽ ഉന്നത പദവിയിലിരിക്കെയാണ് 2012ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ജന്തുശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാകാൻ നാട്ടിലേക്ക് മടങ്ങിയത്.

ഈ കാലത്തിനിടയിൽ ഫാൽക്കൺ വിഷയത്തിൽ ലോകതലത്തിൽ തന്നെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഡോ. സുബൈറിനായി. 2001ൽ എമിറേറ്റ്സ് ഫൽക്കണേഴ്സ് ക്ലബ്ബിൽ അംഗത്വം കിട്ടിയ ഏക അനറബിയായി. അബൂദാബിയിൽ വർഷംതോറും നടക്കുന്ന അറബ് ഹണ്ടിങ് ഷോയിൽ തുടർച്ചയായി 20 വർഷമായി പ​ങ്കെടുക്കുന്നു. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൺ മേളകളിലും സ്ഥിരം ക്ഷണിതാവാണ്. 2018ൽ ഖത്തർ മുൻ അമീർ ഹമദ് അൽത്വാനി മൊറോക്കയിൽ തുടങ്ങിയ ഫാൽക്കൺ ബ്രീഡിങ് സെന്ററിന്റെ നിർമാണത്തിൽ കൺസൾട്ടന്റ് എന്ന നിലയിൽ പങ്കാളിയായി. 2019ൽ ആസ്ട്രലിയൻ ചാൾസ് സ്റ്റർട്ട് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിക്കപ്പെട്ടു.

ഫാൽക്കണുകളെ കുറിച്ച് പഠിക്കാൻ സൗദി അറേബ്യയിൽ മാത്രം എട്ട് തവണ സ്വന്തം നിലക്ക് വന്നിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, റിയാദ് കിങ് ഫഹദ് യൂനിവേഴ്സിറ്റി, അൽഅഹ്സ യൂനിവേഴ്സിറ്റി, ത്വാഇഫ് യൂനിവേഴ്സിറ്റി, ജുബൈൽ യൂനിവേഴ്സിറ്റി, ദമ്മാം കിങ് ഫഹദ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണാർഥം സന്ദർശിച്ചു. അൽഖോബാർ, ജിദ്ദ, ഹാഇൽ തുടങ്ങി 10 പട്ടണങ്ങളിലെ ഫാൽക്കൺ ക്ലിനിക്കുകളിലും റിയാദിലെ കിങ് ഫഹദ് ഫാൽക്കൺ ആശുപത്രിയിലും ഡാറ്റ കളക്ഷന് വേണ്ടി പലതവണ സന്ദർശനം നടത്തി.

ഗവേഷണം പൂർത്തിയാക്കിയ ശേഷവും ഈ രംഗത്തെ പുതിയ അറിവുകളും അനുഭവപരിജ്ഞാനങ്ങളും നേടാൻ ഈ സ്ഥലങ്ങളിൽ വീണ്ടും സന്ദർശനം തുടരുകയാണ്. ഇതേ ആവശ്യത്തിനായി അമേരിക്ക, ആസ്ട്രേലിയ, ബ്രിട്ടൻ, സിംഗപ്പൂർ, മലേഷ്യ, തായ്‍ലൻഡ്, മൊറോക്ക, ജർമനി, ചൈന തുടങ്ങി 40 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയിട്ടുള്ളത്.

ഡോ. സുബൈർ മേടമ്മൽ മുൻകൈയ്യെടുത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി, കൽപറ്റയിലെ കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് യൂനിവേഴ്സിറ്റി എന്നിവയൂടെ സംയുക്താഭിമുഖ്യത്തിൽ 2019ൽ സ്ഥാപിച്ചതാണ് അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രം. തുടക്കം മുതൽ അതിന്റെ കോഓഡി​നേറ്ററായും പ്രവർത്തിക്കുന്നു. പക്ഷികളെ കുറിച്ച് മാത്രമല്ല എല്ലാ ജീവികളെയും കുറിച്ച് ഗവേഷണം നടത്താനുള്ള കേന്ദ്രമാണിത്.

തിരൂർ ബാഫഖി യത്തീംഖന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപികയായ സജിതയാണ് ഭാര്യ, മക്കൾ: ആദിൽ സുബൈർ (ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എസ്.സി ലൈഫ് സയൻസ് പൂർത്തിയാക്കി), അമൽ സുബൈർ (കാലിക്കറ്റി യൂനിവേഴ്സിറ്റി കാമ്പസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി), അൽഫ സുബൈർ (ആറാം ക്ലാസ് വിദ്യാർഥിനി).

Tags:    
News Summary - Malayali zoologist stands out in Saudi Falcon Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.