റഹീമിന് വേണ്ടി ഒരുമിച്ച മലയാളികൾ ദൈവത്തെ തൊട്ടവർ -ജി.എസ്. പ്രദീപ്

റിയാദ് : മറ്റൊരാളുടെ ജീവിതത്തിലെ കെട്ട് പോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകരുക എന്നതാണ് ദൈവത്തെ തൊടുക എന്ന വാക്കിന്റെ അർഥം. ആ അർഥത്തിൽ റഹീമിന് വേണ്ടി കൈകോർത്ത മലയാളികൾ ദൈവത്തെ തൊടുകയായിരുന്നെന്ന് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ് പറഞ്ഞു.

പൊട്ടറ്റോ ഉത്സവം, പംകിൻ ഫെസ്റ്റിവൽ, പ്രണയോത്സവം തുടങ്ങി ലോകത്ത് നിറങ്ങളുടെ, പഴങ്ങളുടെ അങ്ങനെ പലയിടത്തും പലതരം ഉത്സവങ്ങൾ നടക്കുന്നുണ്ട്. എല്ലാ ഉത്സവങ്ങളും വിജയത്തിന്റേതാണ്. എന്നാൽ ഒരു നാട്ടിൽ മാത്രം ഉത്സവത്തിന്റെ കാരണം വിജയമല്ല. അവരുടെ ദേശീയ ഉത്സവത്തിന് കാരണം ചവിട്ടി താഴ്ത്തി ജയിച്ച വാമനന്റേത് അല്ല, പാതാളത്തിൽ നിന്ന് മനസ്സിലേക്ക് തിരിച്ചു വരുന്ന മഹാബലിയുടെയാണ്. അടിച്ചമർത്തിയ മഹാബലി തിരിച്ചു വരുന്നത് ഉത്സവമാക്കിയ മലയാളിക്കേ ഇരുണ്ട മരണത്തിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ഒരാളെ ഉയർത്താനും അതിൽ ആഹ്ലാദിക്കാനും മനസ്സുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് സ്വദേശികളുടെ 15 മാസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ മംഗലാപുരത്ത് നിന്ന് ആംബുലസ് ശരവേഗത്തിൽ തിരുവനതപുരത്തേക്ക് പാഞ്ഞു. അഞ്ചര മണിക്കൂർ കൊണ്ട് നാനൂറ് കിലോമീറ്റർ താണ്ടി അമല ആശുപത്രിയിൽ എത്തിയതും ഒരു നാട്ടിലെ ഉള്ളൂ... അത് കേരളത്തിലാണ്. ഒരു നാട് മുഴുവൻ നിമിഷ നേരം കൊണ്ട് സേവന സന്നദ്ധരായത് കൊണ്ടാണ് അത് സംഭവിച്ചത്. മലയാളിയുടെ മനസിന്റെ പ്രത്യേക ചില വൈശിഷ്ട്യങ്ങളാണത്‌. അതിന്റെ ക്ലാസിക് ഉദാഹരണമാണ് റഹീമിന് വേണ്ടി കേരളം ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ചേർന്ന് ഒരുമിച്ചുനിന്ന സംഭവം.

റഹീമിന് വേണ്ടി പ്രവർത്തിച്ചവർ ആരായിരുന്നാലും അവർക്കിനി എന്തൊക്കെ കുറവുകളുണ്ടായാലും അവർക്കെന്തെങ്കിലും മുഖമൂടികളുണ്ടെന്ന് ആരോപിക്കപ്പെട്ടാലും അവരിൽ പൊങ്ങച്ചമുണ്ടെന്ന് പറഞ്ഞാലും എല്ലാ കറകളും മായ്ച്ചു കളയുന്ന പ്രവൃത്തിയാണ് ഇത് വഴി ഉണ്ടായതെന്നും 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ജി.എസ്. പ്രദീപ് പറഞ്ഞു. റിയാദ് കേളി കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 'റിയാദ് ജീനിയസ് 2024' എന്ന പരിപാടിയിൽ പങ്കെടുക്കാനായി റിയാദിലെത്തിയതാണ് അദ്ദേഹം.

Tags:    
News Summary - Malayalis who united for Rahim touched God says GS Pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.