കെന്നി മാസിഡോ, ടെറി മാസിഡോ

സൗദിയിൽ മരിച്ച അനുജ​ൻ്റെ മൃതദേഹം നാട്ടി​ലേറ്റുവാങ്ങിയ ഉടൻ ജ്യേഷ്ഠനും മരിച്ചു

റിയാദ്​: സൗദിയിലെ താമസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ച അനുജൻ്റെ മൃതദേഹം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഏറ്റുവാങ്ങി വീട്ടിലെത്തിച്ച ജ്യേഷ്​ഠൻ മൃതദേഹത്തിന്​ സമീപമിരിക്കെ കുഴഞ്ഞുവീണ്​ മരിച്ചു. റിയാദ്​ എയർപ്പോർട്ട്​ റോഡിലെ മദ്രീം ഇൻറർനാഷനൽ ഹോട്ടലിൽ ഷെഫ്​ ആയിരുന്ന കോഴിക്കോട്​ കൊയിലാണ്ടി കൊല്ലം താഴെമണിക്കലാത്ത്​ ഹൗസിൽ ടെറി മാസിഡോ (46), ബഹ്​റൈനിൽ ജോലി ചെയ്​തിരുന്ന ജ്യേഷ്ഠൻ കെന്നി മാസിഡോ (52) എന്നിവരാണ്​ മരിച്ചത്​. ഡ്യൂട്ടിക്ക്​ ശേഷം താമസസ്ഥലത്ത്​ എത്തി വിശ്രമിക്കുന്നതിനിടെ ഫെബ്രുവരി 29നാണ്​ ടെറി മാസിഡോക്ക്​ നെഞ്ചുവേദനയുണ്ടായത്​. ഉടൻ സമീപത്തെ ആസ്​റ്റർ സനദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈ വിവരമറിഞ്ഞ്​ ബഹ്​റൈനിൽനിന്ന്​ കെന്നി മാസിഡോ റിയാദിലേക്ക്​ വരാൻ ശ്രമിച്ചെങ്കിലും സാ​ങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഉടൻ മൃതദേഹം നാട്ടിലെത്തിക്കും എന്ന്​ സാമൂഹികപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന്​ അദ്ദേഹം നാട്ടിലേക്ക്​ പോയി കാത്തിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞദിവസം എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കെന്നി മാസിഡോയും സഹോദരൻ ജെഫ്രി മാസിഡോയും അദ്ദേഹത്തിൻ്റെ മകൻ ഷിമോൺ മാസിഡോയും കൂടി ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടുപോയി.

അവിടെ മൃതദേഹം പൊതുദർശനത്തിന്​ വെച്ചശേഷം അതിന്​ അടുത്ത്​ ഇരുന്നതാണ്​ കെന്നി മാസിഡോ. പിന്നീട്​ എഴുന്നേറ്റില്ല. സംസ്​കാരത്തിനായി മൃതദേഹം എടുത്തിട്ടും എഴുന്നേൽക്കുന്നില്ലെന്ന്​ കണ്ട്​ നോക്കിയപ്പോഴാണ്​ മരിച്ചതായി മനസിലായത്​. ടെറി മാസിഡോയുടെ മൃതദേഹം കണ്ണൂരിലെ ഭാര്യാവീട്ടിലും കെന്നി മാസഡിയോയുടെ മൃതദേഹം കൊയിലാണ്ടിയിലും സംസ്​കരിച്ചു.

ടെറിയുടെ ഭാര്യ ഷിൻസി, മക്കൾ: ആൻഡ്രിയ, എയിഡിൻ. ടെറിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്​ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടും കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ റാഫി കൊയിലാണ്ടി, കെ. ടി. സലിം, ഗിരീഷ് കാളിയത്ത്, സൗദി പൗരൻ അബ്​ദുറഹ്​മാൻ അലി ആദി അൽ ഹാദി എന്നിവരുമാണ്​.

ഫോ​ട്ടോ: കെന്നി മാസിഡോ, ടെറി മാസിഡോ

Tags:    
News Summary - Man died soon after receiving brother's dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.