റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട് അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 മുതൽ കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നും പകരം പുറംകരാർ ഏജൻസിയായ വി.എഫ്.എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നുമാണ് സർക്കുലർ മുഖാന്തിരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാവകാശം ലഭിച്ചതോടെ പാസ്പോർട്ട് കോൺസുലേറ്റുകൾ നേരിട്ട് സ്വീകരിക്കുന്നത് 10 ദിവസം കൂടി തുടരും.
വി.എഫ്.എസിലെത്തി വിരലടയാളം നൽകണമെന്ന നിബന്ധന വന്നതോടെ വിസ ലഭിച്ച തൊഴിലാളികളും അടിയന്തിര പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ കാത്തുനിൽക്കുന്ന കമ്പനികളും പ്രതിസന്ധിയിലായിരുന്നു. സമയം അനുവദിച്ച് പുതിയ നിർദേശം വന്നതോടെ താത്കാലിക പരിഹാരം ലഭിച്ചതിെൻറ ആശ്വാസത്തിലാണ് ട്രാവൽ ഏജൻസികളും തൊഴിലാളികളും തൊഴിലുടമകളും. ഉത്തരേന്ത്യയിൽ അടക്കം വി.എഫ്.എസിന് പരിമിതമായ സേവന കേന്ദ്രങ്ങളാണ് ഉള്ളതെന്ന വസ്തുത മനസ്സിലാക്കി കൂടുതൽ ശാഖകൾ തുറക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്.
പുതിയ നിയമം പ്രാബല്യത്തിലായാൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.
രണ്ടുവർഷം മുേമ്പ ഇതിനെ കുറിച്ച് സൗദിയധികൃതർ അറിയിപ്പ് നൽകിയിരുന്നു. 2022 മെയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ ആകുമെന്ന് കോൺസുലേറ്റ് അന്ന് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വിസ സർവിസിങ് നടപടികളുടെ പുറംകരാറെടുത്ത ഏജൻസിയായ വി.എഫ്.എസിെൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ താൽക്കാലികമായി അന്ന് മരവിപ്പിക്കുകയായിരുന്നു.
അതിന് ശേഷം ഏതാനും മാസം മുമ്പ് സൗദിയിലേക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് ഈ നിയമം നിർബന്ധമാക്കിയിരിക്കുന്നു. ഇപ്പോൾ തൊഴിൽ വിസകൾക്ക് കൂടി ഇത് ബാധകമാക്കുകയാണ്. ഇതോടെ വി.എഫ്.എസ് ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും. കേരളത്തിൽ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്, ടൂറിസ്റ്റ് വിസാനടപടികളാണ് ഇപ്പോൾ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനി തൊഴിൽ വിസ കൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി.എഫ്.എസ് ശാഖകൾ കുറവാണ്. രാജ്യത്ത് ആകെ 10 ഇടങ്ങളിൽ മാത്രമാണ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് നിലവിൽ വി.എഫ്.എസ് ശാഖകളുള്ളത്. ഈ നിയമം നടപ്പായാൽ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തിൽ വിരലടയാളം നിർബന്ധമാവും. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നൽകുന്നത്. വിസ കിട്ടിയാൽ പാസ്പോർട്ടുമായി സൗദിയിലേക്ക് വിമാനം കയറാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.