ദമ്മാം: സർവസന്നാഹങ്ങളുമായി പ്രവർത്തിക്കാനെത്തിയാലും സംഘ്പരിവാർ ശക്തികൾക്ക് മലയാളികളുടെ മതേതര മനസ്സിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് പറഞ്ഞു. കാസർകോട് കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘ഉമ്മീഅ്’ പരിപാടിയിൽ അതിഥിയായി എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാർഥികളുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അഷ്റഫ് വിജയിച്ചത്. എൻമകജെ പഞ്ചായത്താണ് അവസാനം എണ്ണിയത്. കേവലം 25 ശതമാനം മാത്രം മുസ്ലിംകളുള്ള ഈ പഞ്ചായത്തിലെ മതേതര മനസ്സുകളുടെ വോട്ടുകളാണ് പലപ്പോഴും ലീഗ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നത്.
കാരണം, സപ്തഭാഷ സംഗമഭൂമിയായ ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളുണ്ട്. അതെല്ലാം മതേതര ചരിത്രങ്ങൾ പേറുന്നവയാണ്. ആരിക്കാടി ക്ഷേത്രത്തിലെ ആലിയാമുണ്ടി ക്ഷേത്രം ഒരു ഉദാഹരണമാണ്. ഇവിടത്തെ ആചാരങ്ങൾ പോലും ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഉള്ളതാണ്. മലയാളം സംസാരിക്കുന്നവർ കേവലം 10 ശതമാനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.
താൻ തന്നെ ഒരു ദിവസം ഏഴോളം ഭാഷകളിൽ ആളുകളുമായി സംസാരിക്കേണ്ടിവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ മുസ്ലിംകൾ ബാരിയും ഉർദുവും സംസാരിക്കുമ്പോൾ, ഹിന്ദുക്കൾ തുളു സംസാരിക്കുന്നു. ക്രൈസ്തവർ കൊങ്ങിണിയും. ഭാഷയും ആചാരങ്ങളും വ്യത്യസ്തമാകുമ്പോഴും ഏകത സൂക്ഷിക്കുന്ന ഈ ജനവിഭാഗത്തിന് ബി.ജെ.പിയുടെ ഒരു ഭാഷ ഒരു ജനത, ഒരു സംസ്കാരം എങ്ങനെയാണ് ഉൾക്കൊള്ളാനാവുക.
കോൺഗ്രസ് സ്ഥാനാർഥികൾ പോലും പരാജയപ്പെട്ടിടത്ത് ലീഗ് വിജയിച്ചെത്തുന്നത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ലീഗിന്റെ മതേതര മുഖം കൃത്യമായി ബോധ്യപ്പെട്ട ജനത വോട്ട് ചെയ്യുന്നതുകൊണ്ടാണ്. 75 ശതമാനത്തിലധികം ഹിന്ദു സഹോദരങ്ങൾ താമസിക്കുന്ന എൻമകജെ പഞ്ചായത്തിൽ ബി.ജെ.പിയുടെ തീപ്പൊരി വർഗീയവാദികൾ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അതിനെ മറിക്കാൻ ലീഗിന് കഴിയുന്നത് അതുകൊണ്ടാണ്.
പള്ളിയിൽ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ വെട്ടിക്കൊല്ലുമ്പോൾ സംഘ്പരിവാർ ലക്ഷ്യം വെച്ചത് സമാനമായ മറ്റൊരു കൊലയോ അക്രമമോ ആയിരുന്നു. ഏറെ സാഹസപ്പെട്ടാണ് അത്തരം അവസ്ഥകളിലേക്ക് പോകാതെ സമുദായത്തെ പിടിച്ചുനിർത്തിയത്. ഇത്തരം സമീപനങ്ങൾ സംഘ്പരിവാർ മോഹങ്ങളെ തകർക്കുകയാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷകൾ ഏറുകയാണ്. കർണാടകയിൽ ഇത്തവണ കോൺഗ്രസ് വോട്ടുപിടിച്ചത് നിലപാടുകൾ പറഞ്ഞുകൊണ്ടു തന്നെയാണ്. ബജ്റംഗ്ദൾ ഉൾപ്പടെയുള്ളവരുടെ അഴിഞ്ഞാട്ടത്തിന് ഒരു പരിധിവരെ ശമനം വന്നിരിക്കുന്നു. ബി.ജെ.പി അധികാരത്തിലിരുന്ന കാലം സാധാരണക്കാരന്റെ ജീവിതം തന്നെ ദുസ്സഹമായിരുന്നു.
മുസ്ലിം സമുദായം ആദ്യം എതിർക്കേണ്ടത് മുസ്ലിം വർഗീയതയെ തന്നെയാണ്. അതിന് ഓശാന പാടിയിട്ട് ഭൂരിപക്ഷ വർഗീയതയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഹിന്ദുത്വ വർഗീയതയെ ഇതുവരെ തടഞ്ഞുനിർത്തിയത് മതേതര ഹിന്ദു മനസ്സുകൾ തന്നെയാണ്. ഓണാഘോഷങ്ങൾ പരിചയമില്ലാതിരുന്ന കാസർകോട്ടെ വിദ്യാർഥികൾ ഇത്തവണ സജീവമായി ഓണമാഘോഷിച്ചു. ജാതിവെറികളിലും വർഗീയതയിലും തങ്ങൾക്ക് താൽപര്യമില്ലെന്ന കൃത്യമായ പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇന്ത്യ നിലവിലെ കറുത്ത ദിനങ്ങളെ ജനാധിപത്യത്തിലൂടെ മറികടക്കുമെന്നും പ്രത്യാശയോടെ അദ്ദേഹം പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.