റിയാദ്: നിയമലംഘന കേസുകളിൽ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ദമ്മാം ജയിലിൽനിന്ന് മോചിതരായി നാട്ടിലേക്കു മടങ്ങി. ആറു മലയാളികളും ഓരോ തമിഴ്നാട്, ഉത്തർപ്രദേശ് സ്വദേശികളുമാണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. ഇതിൽ ഉത്തർപ്രദേശ് സ്വദേശിക്ക് കോടതിയിൽനിന്നും ഒരു മാസത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും ഒരു വർഷമായി ദമ്മാം ജയിലിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജയിൽവാസത്തെക്കുറിച്ചറിഞ്ഞ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ വിധിപ്പകർപ്പ് ശേഖരിച്ചു ദമ്മാം കോടതിയിലെ ജഡ്ജിയെ സമീപിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
ഇതിന് സമാനമായി കൊല്ലം സ്വദേശിക്ക് രണ്ടു വർഷമായിരുന്നു ശിക്ഷ വിധിയെങ്കിലും മൂന്നുവർഷത്തിനുശേഷമാണ് ഇപ്പോൾ നാടണയാൻ സാധിച്ചത്.
ഇദ്ദേഹത്തിന്റെ മോചനത്തിനു തടസ്സമായത് സ്വന്തം പേരിലുള്ള വാഹനമായിരുന്നു. കാർ വിൽക്കാനും പേരിൽ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏൽപിച്ചെങ്കിലും അയാൾ കാർ വിൽപന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ അധികൃതരെ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അനുകൂലമായ സാഹചര്യമുണ്ടായത്.
നിരവധിയാളുകൾ ഇതുപോലെ ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. പ്രധാന കാരണമായി പറയുന്നത് ഫയലുകൾ വിധിക്കുശേഷം കൃത്യമായി ജയിലുകളിൽ എത്തുന്നില്ല എന്നതാണ്. ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയവരിൽ ആറുപേർ മലയാളികളാണെങ്കിലും ഇവർക്കെല്ലാം വിമാനടിക്കറ്റ് നൽകിയത് ലഖ്നോവിലേക്കാണ്. ജയിലിൽ കഴിയുന്ന ഇന്ത്യാക്കാർക്ക് വിമാന ടിക്കറ്റിന് 1,350 റിയാലാണ് അധികൃതർ ഈടാക്കി കൊണ്ടിരിക്കുന്നതെങ്കിലും മലയാളികളുൾപ്പടെയുള്ളവർക്ക് വടക്കെ ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടുകളിലേക്ക് അയക്കുന്നതിലൂടെ ഏറെ പ്രയാസങ്ങൾ നേരിടുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു.
കൂടാതെ ടിക്കറ്റിനു തുഛമായ നിരക്കുള്ള സമയത്തും വലിയ തുക ഈടാക്കുന്നത് പലപ്പോഴും സാമൂഹികപ്രവർത്തകരുടെ മേൽ തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണമാകുന്നതായും ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മണിക്കുട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.