യാംബു: ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും ഉപഗ്രഹമായ ചന്ദ്രനും അടുത്തടുത്ത് വരുന്ന ആകാശക്കാഴ്ച ഞായറാഴ്ച അറബ് ലോകത്തും ദൃശ്യമാകുമെന്ന് ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. സൗദിയിലും മറ്റ് അറബ് മേഖലയിലും ഞായറാഴ്ച പുലർച്ചെ പ്രപഞ്ച വിസ്‌മയം കാണാൻ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ബഹിരാകാശ നിരീക്ഷകർ.
സൂര്യോദയത്തിന് ഏകദേശം രണ്ടര മണിക്കൂർ മുമ്പ് സൗരയൂഥത്തിലെ ചൊവ്വയുടെയും ശുക്രന്‍റെയും അടുത്തുകൂടെ ചന്ദ്രൻ കടന്നുപോകുമെന്നും നഗ്ന നേത്രങ്ങളാൽ ഈ ദൃശ്യം കാണാൻ കഴിയുമെന്നും ജിദ്ദയിലെ അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവി എൻജി. മാജീദ് അബൂ സാഹിറ പറഞ്ഞു. മൂന്നു ഗ്രഹങ്ങളെ ഒരുമിച്ചു കാണുമ്പോൾ അവ അടുത്തടുത്താണെന്ന തോന്നലാണുണ്ടാക്കുക. എന്നാൽ ലക്ഷക്കണക്കിന് കിലോമീറ്റർ അകലമാണ് ഗ്രഹങ്ങൾക്കിടയിലുള്ളതെന്നതാണ് യാഥാർഥ്യം. ആകാശത്തെ ഈ വിസ്മയം അപൂർവമായി വരുന്നതാണെന്നും അതിശയിപ്പിക്കുന്ന ആകാശചിത്രം കാണാൻ ശാസ്ത്രകൗതുകങ്ങളിൽ താല്പര്യമുള്ളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രൻ ചൊവ്വയോട് ഈ ദിനം അടുക്കുമെങ്കിലും അവ തമ്മിലുള്ള അകലം ഏകദേശം മൂന്ന് ഡിഗ്രി ആയിരിക്കും. അവക്കിടയിലുള്ള ദൃശ്യമായ ദൂരം വളരെ കൂടുതലാണ്. ദൂരദർശിനി വഴി ഈ അകലം കാണാനാവും. അതേസമയം ശുക്രൻ ചന്ദ്രനിൽനിന്ന് അഞ്ച് ഡിഗ്രി വ്യത്യാസത്തിലായിരിക്കും അകലമെന്നും സൊസൈറ്റി മേധാവി വ്യക്തമാക്കി. ചെറിയ തോതിലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഈ ആകാശ വിസ്‌മയം സംഭവിക്കുമ്പോൾ പ്രകടമാകുമെന്നും ബഹിരാകാശ നിരീക്ഷകർ വ്യക്തമാക്കുന്നു. വേലിയേറ്റവും കാറ്റിന്‍റെ ഗതിയും വർധിക്കാൻ ഈ ആകാശ പ്രതിഭാസം നടക്കുന്ന ദിവസങ്ങളിൽ കൂടുതൽ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.